തിരുവനന്തപുരം: മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്. ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. 11 മുതല പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കും. എന്നാല്‍, ഒന്നരയ്ക്കുശേഷം പ്രവേശനം അനുവദിക്കില്ല. രാജ്യത്തെയും ഗള്‍ഫിലെയും 202 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 16.1 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞവര്‍ഷം 1,15,959 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. നീറ്റിന്റെ പരിഷ്കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ ഇന്നലെ തന്നെ ലഭ്യമാക്കിയിരുന്നു. അഡ്മിറ്റ് കാര്‍ഡ് നേരത്തെ എടുത്തവര്‍ പുതിയത് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.