നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : നോക്കുകൂലി ആവശ്യപ്പെട്ട്‌ ഐഎസ്‌ആര്‍ഒ വാഹനം തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്‌ നാണക്കേടാണ്‌. യൂണിയനുകള്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ല. ചുമട്‌ ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത്‌ ശരിയായ നടപടിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന്‌ വെറുതെ വാക്കുകളില്‍ പറഞ്ഞാല്‍ പോര, നിയമം കയ്യിലെടുക്കുന്ന ട്രേഡ്യൂണിയനുകളെ സര്‍ക്കാര്‍ തടയണം. എങ്കില്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ വരികയുളളുവെന്നും കോടതി നിരീക്ഷിച്ചു. നോക്കുകൂലി നിരോധിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും നിരോധനം പൂര്‍ണമായി നപ്പിലാക്കിയിട്ടില്ല. ഇങ്ങനെപോയാല്‍ കേരളത്തില്‍ നിക്ഷേപം ഇറക്കാന്‍ ആരും തയ്യാറാവില്ല. കേരളത്തിലേക്കു വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുവെന്നും കോടതി പറഞ്ഞു.

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ്‌ യൂണിയനുകള്‍ സ്വീകരിക്കേണ്ടത്‌. ട്രേഡ്യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന്‌ പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്ന്‌ കോടതി ചോദിച്ചു. ഒരു പൗൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നുവെന്നും ജസ്റ്റീസ്‌ ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 2017ല്‍ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്‌. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി നിരോധിച്ചുളള ഉത്തരവ്‌ നടപ്പാക്കുന്നുവെന്ന്‌ ഡിജിപി ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നോക്കുകൂലി വാങ്ങുന്നതിനെ പിന്‍തുണക്കുന്നില്ലെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018ന്‌ ശേഷം 11 നോക്കുകൂലി കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസുകള്‍ ഇതില്‍ കൂടുതല്‍ ഉണ്ടെന്നായിരുന്നു കോടതിയുടെ മറുപടി .പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ വരുന്ന കേസ്‌ പരിശോധിച്ചാല്‍ ഇത്‌ മനസിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി . കേസ്‌ പരിഗണിക്കുന്നത്‌ 2021 സെപ്‌തംബര്‍ 27 ലേക്കു മാറ്റി.

സെപ്‌തംബര്‍ 5-ാം തീയതിയാണ്‌ തിരുവനന്തപുരം വിഎസ്‌ എസ്‌ സിയിലേക്ക്‌ ഉപകരണവുമായെത്തിയ കാര്‍ഗോ വാഹനം ഒരുകൂട്ടം ആളുകള്‍ തടഞ്ഞത്‌. ഉപകരണം ഇറക്കുന്നതില്‍ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണമെന്നും ഇതിന്‌ കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →