പത്തനംതിട്ട: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി 2013 മുതല്‍ രാജ്യത്ത് നിലവിലുള്ള നിയമമാണ് പോഷ് ആക്ട്. ഈ നിയമപ്രകാരം പത്തോ അതിലധികമോ ആളുകള്‍ ജോലിചെയ്യുന്ന തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഏതൊരു തൊഴിലുടമയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനം രേഖാമൂലമുള്ള ഉത്തരവുപ്രകാരം ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്.
അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ചെറുസംരംഭകരുടെ തൊഴിലിടങ്ങള്‍ക്കുമായി ഓരോ ജില്ലയിലും ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ നിലവിലുണ്ട്. പത്തില്‍ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ പരാതി സമര്‍പ്പിക്കാം. ഇതുകൂടാതെ പരാതി തൊഴിലുടമയ്ക്കു തന്നെ എതിരെയാകുന്ന സാഹചര്യത്തിലും പരാതിക്കാരിക്ക് ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റിയെ സമീപിക്കാം.
ഒരു സ്ത്രീക്ക് താല്പര്യമില്ലാത്ത എന്തുതരം ലൈംഗിക നീക്കങ്ങളും ഈ നിയമപ്രകാരം കുറ്റകരമാണ്. ഉദാഹരണത്തിന് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ചേര്‍ന്ന നില്‍ക്കുക, സ്പര്‍ശിക്കുക, ലൈംഗിക ആവശ്യങ്ങള്‍ അഭ്യര്‍ത്ഥിക്കുക, ലൈംഗിക ചുവയുള്ള തമാശകളോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ചേഷ്ടകളോ കാണിക്കുക, അത്തരം ചിത്രങ്ങളോ, കംമ്പ്യൂട്ടര്‍ ഗ്രാഫിക്‌സോ കാണിക്കുക തുടങ്ങിയവയെല്ലാം ഈ നിയമത്തിന് പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്ന തൊഴിലുടമയില്‍ നിന്ന് 50000 രൂപ വരെയുള്ള പിഴ ഈടാക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്.

