പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ ജില്ലയിലെ ആദ്യ പൊതു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍

പാലക്കാട്: ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പൊതു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി അനേര്‍ട്ടുമായി ചേര്‍ന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് യുണൈറ്റഡാണ് 20 ലക്ഷം രൂപ ചെലവില്‍ കാഞ്ഞിരപ്പുഴ ഡാം ഗാര്‍ഡണ്‍ പരിസരത്ത് ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. ഒരേ സമയം മൂന്നു വാഹനം ചാര്‍ജ് ചെയ്യാന്‍ സംവിധാനമുള്ള 142 കിലോവാട്ട് ശേഷിയുള്ള ചാര്‍ജിങ് സ്റ്റേഷനാണിത്. ഫാസ്റ്റ് ചാര്‍ജിങ്, സ്ലോ ചാര്‍ജിങ് എന്നിങ്ങനെയുള്ള സ്ലോട്ടുകളോടു കൂടിയാണ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. 60 കിലോവാട്ട് ശേഷിയുള്ള സി.എസ്.എസ് ഗണ്‍, 60 കിലോവാട്ട് ഗണ്‍, 22 കിലോവാട്ട് ടൈപ്പ് 2 എ.സി എന്നിവ ചേര്‍ന്ന മെഷീനാണ് ഇത്. ഒരു യൂണിറ്റിന് 15 രൂപയാണ് ഈടാക്കുന്നത്. 10 വര്‍ഷത്തേക്കാണ് കരാര്‍. ഇലക്ട്രിഫൈ(ElectreeFi) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ചാര്‍ജിങ് സ്റ്റേഷനില്‍ ഒരു ദിവസം അഞ്ച് വാഹനങ്ങള്‍ വരെ ചാര്‍ജ്ജ് ചെയ്തു വരുന്നു

ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ ഇരുപതോളം വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. നിലവില്‍ ഒരു ദിവസം അഞ്ച് വാഹനങ്ങള്‍ വരെ ചാര്‍ജ്ജ് ചെയ്തു വരുന്നു. ടാറ്റയുടെ നിക്സോണ്‍ വാഹനങ്ങളാണ് കൂടുതല്‍ വരുന്നത്. ഫാസ്റ്റ് ചാര്‍ജിങ് സ്ലോട്ടിലൂടെ ഒരു വാഹനം പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യാന്‍ ഒരു മണിക്കൂര്‍ വരെയെടുക്കും. ഒന്നിലധികം വാഹനങ്ങള്‍ ഒരേ സമയം വരുന്ന പക്ഷം ആവശ്യമനുസരിച്ച് സ്ലോ ചാര്‍ജിങ് സ്ലോട്ടിലൂടെ ചാര്‍ജ്ജ് ചെയ്യാനാകും. സ്ലോ ചാര്‍ജിങ് സ്ലോട്ടിലൂടെ അഞ്ചു മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാം. വീടുകളില്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയാണ് വേണ്ടി വരുന്നത്. മുപ്പത് യൂണിറ്റാണ് ഒരു വാഹനം മുഴുവനായി ചാര്‍ജ്ജ് ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്.

ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉപയോഗിക്കുന്നത് അഞ്ച് ഇലക്ട്രിക് വാഹനങ്ങള്‍

ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറയ്ക്കാനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഗതാഗത മേഖലയിലെ വായു മലിനീകരണത്തിന്റെ കൂടിയ പങ്കും ഫോര്‍ വീലറായതിനാല്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ ഉപയോഗിക്കുന്ന ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ മാറ്റി ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ മാത്രമായി ഇതുവരെ മോട്ടോര്‍ വാഹനവകുപ്പില്‍ മൂന്നും ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി, ജി.എസ്.ടി വകുപ്പ് എന്നിവിടങ്ങളില്‍ ഓരോ ഇലക്ട്രിക് വാഹനങ്ങളുമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 125 ഇലക്ട്രിക് വാഹനങ്ങള്‍ വിവിധ വകുപ്പിനു കീഴില്‍ ഉണ്ട്. കൂടുതല്‍ വകുപ്പുകളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ലഭിച്ച അപേക്ഷകള്‍ അനേര്‍ട്ടിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

ദീര്‍ഘയാത്ര നടത്തുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവ് പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി, അനെര്‍ട്ട് നിലവില്‍ 14-ഓളം ചാര്‍ജിങ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചു കഴിഞ്ഞു. കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകളും ലക്ഷ്യമിടുന്നുണ്ട്. ഇലക്ട്രിക് കാറുകള്‍ (വാഹനങ്ങള്‍) ചാര്‍ജ് ചെയ്യുന്നതിന് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വേണ്ടി വരുന്നതിനാല്‍ ഗുണഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ദേശീയ പാത, എം.സി റോഡ്, എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന പദ്ധതി തയ്യാറാവുകയാണ്. ഗുണനിലവാരമുള്ള മെഷീനുകള്‍ സ്ഥാപിക്കുന്നതിനായി വിദഗ്ദ്ധരായ ഏജന്‍സികളുടെ ലിസ്റ്റും ഗുണനിലവാരമുള്ള ചാര്‍ജിങ് മെഷീനുകളുടെ ലിസ്റ്റും അനെര്‍ട്ട് തയാറാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം