ആലപ്പുഴ: കുട്ടനാട് 110 കെ. വി. സബ്‌സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം 2021സെപ്റ്റംബർ ഒൻപത് വൈകിട്ട് നാലിന് നെടുമുടി സെന്റ് ജെറോംസ് പള്ളി ഓഡിറ്റോറിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.
സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 19.25 കോടി രൂപ ചെലവിലാണ് കുട്ടനാട്ടിലെ നിലവിലുള്ള 66 കെ.വി. സബ്സ്റ്റേഷൻ പ്രളയ പ്രതിരോധ ശേഷിയുള്ള 110 കെ.വി. സബ്സ്റ്റേഷനായി ഉയർത്തുന്നത്. ആലപ്പുഴ – കുട്ടനാട് 66 കെ.വി. ലൈനിന്റെ പൂപ്പള്ളി മുതൽ കുട്ടനാട് വരെയുള്ള അഞ്ചു കിലോമീറ്റർ 110 കെ.വി. ഡബിൾ സർക്യൂട്ടായി പുനർ നിർമിക്കും. പരമാവധി പ്രളയ ജലനിരപ്പിന് മുകളിലായാണ് പുതിയ സബ്സ്റ്റേഷൻ. പദ്ധതി പൂർത്തിയാകുന്നതോടെ കുട്ടനാട്ടിലെ മങ്കൊമ്പ്, കൈനകരി, ചമ്പക്കുളം, കിടങ്ങറ, പള്ളം പുഞ്ച ഇലക്ട്രിക്കൽ സ്റ്റേഷനുകളുടെ പരിധിയിലുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വൈദ്യുതി തടസരഹിതമായി ലഭിക്കും.
ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി.എൽ. ഡയറക്ടർ (ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപ്പറേഷൻ) രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജ കുമാരി, കെ.എസ്.ഇ.ബി.എൽ. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക്, കെ.എസ്.ഇ.ബി.എൽ. സ്വതന്ത്ര ഡയറക്ടർ വി. മുരുകദാസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രൻ, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. മായാദേവി, കെ.എസ്.ഇ.ബി.എൽ. ട്രാൻസ്മിഷൻ സൗത്ത് ചീഫ് എൻജിനീയർ സണ്ണി ജോൺ എന്നിവർ പങ്കെടുക്കും.

