തിരുവനന്തപുരം: പണം കൊടുത്ത് മൃഗങ്ങളെ വാങ്ങുന്നതിന് പകരം നമ്മുടെ മൃഗശാലയിൽ കൂടുതലുള്ളവയെ കൈമാറി ഇവിടെ ഇല്ലാത്ത മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വലിയ പദ്ധതി ആസൂത്രണം ചെയ്യുന്നതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലാ ഓഫീസ്-സ്റ്റോർ സമുച്ചയം, ശലഭോദ്യാനം, വിദേശ പക്ഷികളുടെ പരിബന്ധനം, മൊബൈൽ അപ്പ് എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ജനങ്ങൾ മ്യൂസിയവും മൃഗശാലയും തുറക്കാൻ കാത്തിരിക്കുകയാണ്. കോവിഡ് 19 ന്റെ തീവ്രത കുറയുന്ന സാഹചര്യത്തിൽ മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കാൻ കഴിയും. മൃഗശാലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗശാലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജീവനക്കാരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. മ്യൂസിയം മൃഗശാലവകുപ്പ് ഡയറക്ടർ അബു എസ് സ്വാഗതം പറഞ്ഞു. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. നന്തൻകോഡ് വാർഡ് കൗൺസിലർ ഡോ. കെ.എസ്. റീന, ഡബ്ല്യൂ.ഡബ്ല്യൂ.എഫ്. സ്റ്റേറ്റ് ഡയറക്ടർ രഞ്ചൻ മാത്യു വർഗ്ഗീസ്, ടി.എൻ.എച്ച്.എസ്. റിസർച്ച് അസോസിയേറ്റ് കലേഷ് സദാശിവൻ, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ സുരേഷ് ഇളമൺ, മൃഗശാലാ സൂപ്രണ്ട് റ്റി.വി. അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.