ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസറായി ബുംറ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ റെക്കോഡ് കുറിച്ചു. ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസറായി ബുംറ. ഓള്‍റൗണ്ടറും നായകനുമായ കപില്‍ ദേവിന്റെ റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ നേട്ടം. കപില്‍ 25 ടെസ്റ്റുകളിലാണു 100 വിക്കറ്റുകളെടുത്തത്. ഇര്‍ഫാന്‍ പഠാന്‍ (28), മുഹമ്മദ് ഷമി (29), ജവാഗല്‍ ശ്രീനാഥ് (30), ഇഷാന്ത് ശര്‍മ (33) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

അഞ്ചാം ദിനം രണ്ടാം സെഷനിലായിരുന്നു ബുംറയുടെ വിക്കറ്റ് നേട്ടം. ഒന്നാം ഇന്നിങ്‌സില്‍ 81 റണ്ണുമായി ഇം ഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായ ഒലി പോപ്പായിരുന്നു ബുംറയുടെ നൂറാമത്തെ ഇര. 65-ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ പോപ്പിനെ ബൗള്‍ഡാക്കി. ബുംറയുടെ ഇന്‍ സ്വിങര്‍ പോപ്പിന് പ്രതികരിക്കാന്‍ അവസരം ലഭിക്കും മുമ്പ് സ്റ്റമ്പ് തെറുപ്പിച്ചു. വിക്കറ്റ് കൊയ്ത്തില്‍ സെഞ്ചുറി ആഘോഷിച്ച് വൈകാതെ ബുംറ അടുത്ത ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി. അപകടകാരിയായ ജോണി ബെയര്‍‌സ്റ്റോയെയാണ് ബുംറ പുറത്താക്കിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഇം ഗ്ലീഷ് വിക്കറ്റ് കീപ്പറെ അദ്ദേഹം ബൗള്‍ഡാക്കി. 2018 ജനുവരി അഞ്ചിനായിരുന്നു ടെസ്റ്റില്‍ ബുംറയുടെ അരങ്ങേറ്റം. ആദ്യ ഇര ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എ.ബി.ഡിവിലിയേഴ്‌സായിരുന്നു. നൂറാമത്തെ വിക്കറ്റ് പോലെ തന്നെ ആദ്യ വിക്കറ്റും ബുംറ ബൗള്‍ഡിലൂടെയാണ് തുടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →