കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ്പ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിൻ്റെ പ്രാഥമിക നിഗമനം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധര്‍ കേരളത്തിലെത്തും. ഏരിയല്‍ ബാറ്റ് സര്‍വേയ്ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി.
പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്.