പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. പ്രതിയെ കണ്ടെത്താൻ വ്യാപക അന്വേഷണം

ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചിൽ തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി.

സിന്ധുവിന്റെ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയ ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങളാണ്. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാൽ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്ത്രം പൂർണമായും മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. മൃതദേഹം കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.

അതിനിടെ കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മൃതദേഹം കണ്ടെത്തിയ അടുകളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ല. 2021ആഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു.

Share
അഭിപ്രായം എഴുതാം