കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് 04/09/2021 ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
തൃണമൂല്‍ വിട്ടതിന് ശേഷവും തന്റെ മനസ്സ് പാര്‍ട്ടിയോടൊപ്പമായിരുന്നെന്നും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം സ്വീകരിച്ചിട്ടില്ലെന്നും സൗമന്‍ റോയ് പറഞ്ഞു. മമതാ സര്‍ക്കാറിന്റെ വികസന നയത്തിന്റെ ഭാഗമാകണം. ബിജെപി ബംഗാള്‍ സംസ്‌കാരത്തിന് യോജിച്ച പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക സാഹചര്യത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെന്ന് സൗമന്‍ റോയി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരില്‍ പലരും മമത വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ തിരികെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം നാല് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ ബംഗാളില്‍ ബിജെപിയുടെ അംഗസംഖ്യ 71 ആയി ചുരുങ്ങി. മുകുള്‍ റോയി, തന്മോയ് ഘോഷ്, ബിശ്വജിത് ദാസ് എന്നിവരാണ് നേരത്തെ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.