ക്വാറന്റീന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് നിര്‍ദേശം; നടപടി 04/09/21 ശനിയാഴ്ച മുതല്‍

തിരുവനന്തപുരം∙ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് 04/09/21 ശനിയാഴ്ച മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

അതേസമയം ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരണോ എന്നത് അവലോകന യോഗം തീരുമാനിക്കും. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും തുറന്നുകൊടുക്കുക എന്ന നിലപാടിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല.

ഒരാഴ്ചക്കകം രോഗം നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും ഐസലേഷനില്‍ കഴിയുന്നവന്നരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ക്വാറന്റീന്‍ ലംഘിച്ചാല്‍ അഞ്ഞൂറ് രൂപക്ക് മുകളില്‍ കടുത്ത പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.

പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചിലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്ക് മാറ്റും. വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് റസ്പോണ്‍സ് ടീമുകള്‍ ഉറപ്പു വരുത്തണം. മറ്റു സംസ്ഥാനങ്ങളിലേതു പോലെ രോഗം നിയന്ത്രിച്ചിട്ട് സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്നാണ് പൊതുധാരണ. രോഗനിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ സ്‌കൂള്‍ തുറന്നാല്‍ അതു തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും .

അതേസമയം പ്രതിരോധ രീതിയില്‍ മാറ്റം വരുത്തണമോ എന്ന് ആലോചിക്കാന്‍ ഉന്നതതല അവലോകന യോഗം ശനിയാഴ്ച ചേരും. വൈകിട്ട് മൂന്നരക്ക് ചേരുന്ന യോഗത്തില്‍ ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവൂം ചര്‍ച്ചയാകും. എന്നാല്‍ ജനങ്ങള്‍ക്ക് ഒരു ബോധവത്കരണത്തിന് രാത്രി കര്‍ഫ്യൂ ഉള്‍പ്പടെ തല്‍ക്കാലം തുടരണം എന്നാണ് ഭൂരിപക്ഷ അഭിപ്രായം. മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും. ഒരാഴ്ചക്ക് ശേഷം രോഗവ്യാപനം നോക്കിയാവും തുടര്‍നടപടികള്‍ പ്രഖ്യാപിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →