തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും.
സെപ്തംബർ 3ന് വൈകിട്ട് 4നാണ് അവലോകന യോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ, റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടത്തുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്തഘട്ടത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ യോഗത്തിൽ സംസാരിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച്, മുഴുവൻ ജനപ്രതിനിധികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.