കാസർകോട്: കാഞ്ഞങ്ങാട് നഗരത്തില്‍ കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌ക്കാരം വരുന്നു

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് പരിഷ്‌ക്കാരം ഏര്‍പ്പെടുത്തുന്നു. ട്രാഫിക്ക് പരിഷ്‌ക്കരണത്തിനു മുന്നോടിയായി ശാസ്ത്രീയ സംവിധാനങ്ങളോടെ ഇതേകുറിച്ച് പഠിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ സബ് കമ്മിറ്റി നഗരത്തില്‍ പരിശോധന നടത്തി. പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്താനും പാര്‍ക്കിംഗ് ഏരിയകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കാനും സ്വകാര്യ പാര്‍ക്കിംഗ് ഏരിയകള്‍ കണ്ടെത്തുവാനുമാണ് പരിശോധന നടത്തിയത്.

നഗരസഭ, പോലീസ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം, മോട്ടോര്‍വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്‍, മുനിസിപ്പല്‍ സെക്രട്ടറി റോയ് മാത്യു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രദീപന്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷിബിന്‍ ചന്ദ്, നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.അനീശന്‍, ട്രാഫിക് എസ് ഐ ആനന്ദകൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

നഗരത്തില്‍ പരിശോധന നടത്തിയ പഠനസംഘം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കാഞ്ഞങ്ങാട് പൊതുചര്‍ച്ച നടത്തിയാണ് പരിഷ്‌ക്കാരം പ്രാബല്ല്യത്തില്‍ കൊണ്ടുവരിക. കഴിഞ്ഞയാഴ്ച ചേര്‍ന്ന ട്രാഫിക് റഗുലേറ്ററിംഗ് കമ്മറ്റിയാണ് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പില്‍വരുത്താന്‍ പഠനം നടത്താന്‍ ശുപാര്‍ശ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →