അമ്മയാണെന്നതിന് എന്താണ് തെളിവ് ; കൊല്ലത്ത് അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം

കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിനടുത്ത് അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ സജ്‌ന മൻസിലിൽ ഷംല(44), മകൻ സാലു(23) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബീച്ചിന് സമീപത്തെ കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരേയും ഒരാൾ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഉടൻ തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

സാലുവിന്റെ കയ്യിലേറ്റ മുറിവ് ഗുരുതരമായതിനാൽ ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോഴാണ് സംഭവമുണ്ടായത്. നിന്റെ അമ്മയാണോ…കണ്ടാൽ അങ്ങനെ പറയില്ലല്ലോ എന്നും പറഞ്ഞാണ് അക്രമി ഇവരുടെ അടുത്തേക്ക് എത്തുന്നത്. ഭക്ഷണം കഴിക്കുന്നത് നിർത്തി മടങ്ങാൻ തുടങ്ങിയപ്പോൾ ഇയാൾ ഇരുമ്പുവടി ഉപയോഗിച്ച് കാറിന്റെ ചില്ല് അടിച്ചു തകർത്തു.

ഇതുകണ്ട് പുറത്തിറങ്ങിയ മകനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സാലുവിനും മർദ്ദനമേറ്റത്. ഇയാൾ വഴിയിൽ നിന്ന് സാലുവിനെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇരുവരും കൂടുതൽ വാക്കേറ്റത്തിന് മുതിരാതെ മടങ്ങാൻ ഒരുങ്ങിയപ്പോൾ വീണ്ടും ഇയാൾ പുറകെ എത്തി ആക്രമണം തുടരുകയായിരുന്നു.

ഇരുമ്പുവടി കൊണ്ടുള്ള ആക്രമണം തടയുന്നതിനിടെയാണ് സാലുവിന്റെ കൈക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. സഹായം ആവശ്യപ്പെട്ടിട്ടും കണ്ടു നിന്നവർ മിണ്ടിയില്ലെന്നും ഇവർ പരാതിയിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →