അഫ്ഗാന്‍: പൊതുവേദികളിലെത്തി അല്‍ ക്വയ്ദ, ഐ.എസ് ഭീകരര്‍

കാബൂള്‍: താലിബാന്റെ പിടിയില്‍ അഫ്ഗാന്‍ എത്തിയതോടെ പൊതുവേദികളിലെത്തി അല്‍ ക്വയ്ദ, ഐ.എസ് ഭീകരര്‍.രാജ്യത്തിന്റെ നിയന്ത്രണം കൈക്കലാക്കിയതിന്റെ ആദ്യ നാളുകളില്‍ പുതിയ മുഖം പ്രദര്‍ശിപ്പിച്ച താലിബാന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ ഈ നീക്കങ്ങള്‍ വ്യക്തമാക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തി.അല്‍ ക്വയ്ദ മേധാവി ഒസാമ ബിന്‍ ലാദന്റെ സുരക്ഷാ മേധാവിയായിരുന്ന അമിന്‍ ഉള്‍ഹഖിന് ഇന്നലെ കാബൂളില്‍ വലിയ സ്വീകരണമാണു ലഭിച്ചത്. 20 വര്‍ഷത്തിനുശേഷമാണ് അയാള്‍ പൊതുവേദിയിലെത്തിയത്. അല്‍ ക്വയ്ദയ്ക്കായി ആയുധങ്ങള്‍ ശേഖരിക്കുന്ന ചുമതലയും ഉള്‍ ഹഖിനുണ്ടായിരുന്നു. സുരക്ഷാ ഭടന്മാര്‍ക്കൊപ്പമാണ് അയാള്‍ കാബൂളിലൂടെ സഞ്ചരിച്ചത്. താലിബാന്‍ പതാകയേന്തി ചുറ്റൂംകൂടിയവരെ അയാള്‍ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്.2001 ല്‍ യു.എന്‍. പുറത്തുവിട്ട ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍ ഹഖുമുണ്ട്. അഫ്ഗാനില്‍ ഇപ്പോള്‍ അല്‍ ക്വയ്ദ സാന്നിധ്യമില്ലെന്ന് അവകാശപ്പെട്ട യു.എസ്. പ്രസിഡന്റ് ജോ ബൈഡനു കനത്ത തിരിച്ചടിയാണ് ഉള്‍ ഹഖ് അടക്കമുള്ളവരുടെ മടക്കം. 2020 ല്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഒപ്പുവച്ച കരാറില്‍ അല്‍ ക്വയ്ദയ്ക്കു രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയില്ലെന്നു താലിബാന്‍ സമ്മതിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →