ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സില്‍ പുരുഷന്‍മാരുടെ എഫ്. 64 (പൊയ്ക്കാല്‍) വിഭാഗം ജാവലിന്‍ ത്രോയില്‍ സുമിത് ആന്റില്‍ ലോക റെക്കോഡോടെ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചു. ഇന്നലെ മാത്രം രണ്ടു സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്്. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും അടക്കം ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യ 25-ാം സ്ഥാനത്തെത്തി. ഹരിയാനയിലെ സോനിപത് സ്വദേശിയായ സുമിത് ആന്റില്‍ ഗുസ്തി താരമായിരുന്നു. 2015 ലുണ്ടായ ബൈക്കപകടത്തില്‍ ഇടതു കാല്‍ നഷ്ടമായി. ഗുസ്തി പിടിക്കാനാകില്ലെന്ന് ഉറപ്പായതോടെ പാരാ അത്ലറ്റിക്സിലേക്കു തിരിഞ്ഞു.ഇന്നലെ മൂന്നുവട്ടമാണു താരം ലോക റെക്കോഡ് മെച്ചപ്പെടുത്തിയത്. ഫൈനലില്‍ സുമിത്തിന്റെ ആദ്യ ത്രോ തന്നെ (66.95 മീറ്റര്‍) ലോക റെക്കോഡിലായിരുന്നു തറച്ചത്. രണ്ടാമത്തെ ത്രോ പുതിയ റെക്കോഡ് (68.08 മീറ്റര്‍) കടന്നു. മൂന്നാം ശ്രമത്തില്‍ അല്‍പ്പം പിന്നിലായി. 65.27 മീറ്ററാണ് എറിയാനായത്. നാലാമത്തെ ത്രോയില്‍ 66.71 മീറ്ററായിരുന്നു താരമെറിഞ്ഞത്. അവസാന ശ്രമത്തില്‍ സുമിത് വീണ്ടും ലോക റെക്കോഡ് തിരുത്തി. 68.55 മീറ്ററായിരുന്നു താരം എറിഞ്ഞത്.പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ (എഫ്. 56) യോഗേഷ് കത്തൂനിയ വെള്ളിയും നേടി. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ െറെഫിള്‍ ആര്‍.2 (വീല്‍ചെയര്‍) ഷൂട്ടിങ് ഇനത്തില്‍ അവനി ലെഖാറയും പൊന്നണിഞ്ഞു. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അവനി.