തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ തുറന്നപോരിലേക്ക്. താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ രംഗത്തെത്തി. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകൾ 30/08/21 തിങ്കളാഴ്ച അറിയിച്ചു.
താരിഖ് അൻവർ നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതിൽ പരാജയമാണെന്നും കെ.സി വേണുഗോപാലിന്റെ കൈയ്യിലെ ചട്ടുകമാണ് താരിഖ് അൻവറെന്നുമാണ് ഗ്രൂപ്പുകളുടെ ആക്ഷേപം. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും അപമാനിച്ചെന്നും ഗ്രൂപ്പുകൾ ആരോപിച്ചു. ഗ്രൂപ്പിൽ നിന്ന് കൂറുമാറിയവർക്ക് വേണ്ടിയാണ് പട്ടിക വൈകിപ്പിച്ചത്. വാഗ്ദാനങ്ങൾ നൽകിയാണ് പലരെയും ഗ്രൂപ്പിൽ നിന്ന് അടർത്തിമാറ്റിയതെന്നും ആക്ഷേപമുണ്ട്.
താരിഖ് അൻവർ അനുനയ നീക്കത്തിന്റെ പാതയിലാണ് എന്നായിരുന്നു ഹൈക്കമാൻഡിൽ നിന്ന് വന്ന റിപ്പോർട്ട്. എന്നാൽ കെപിസിസി പട്ടിക വരുന്നതിന് തലേ ദിവസം താരിഖ് അൻവർ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചിരുന്നുവെങ്കിലും ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും ആരോപണത്തിൽ പറയുന്നു.
താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കത്തയക്കും.