‘ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു ‘ എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു

പാലക്കാട്: കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലൊയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. ഒരു പാർട്ടിയിലേക്കും പോകാൻ തൽക്കാലം ആഗ്രഹിക്കുന്നില്ലെന്ന് ഗോപിനാഥ് പറഞ്ഞു. 30/08/21 തിങ്കളാഴ്ച രാവിലെ വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വർഷം കേരളത്തിലെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിർത്താൻ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാൻ സാധിച്ചു. ഗോപിനാഥ് പറഞ്ഞു.

ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകനലങ്ങൾക്കും ആലോചനകൾക്കും ശേഷം എന്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും.

ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ താൻ പോകുന്നില്ലെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മുമായി ചർച്ച നടന്നിട്ടില്ല. പാർട്ടി വിടുകയാണെങ്കിലെ ചർച്ചക്ക് പ്രസക്തിയുള്ളൂവെന്നും ഗോപിനാഥ് രാവിലെ മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. സുധാകരനുമായി ചർച്ച നടത്തി.

പാർട്ടിയോടുള്ള സ്നേഹം മരണത്തോടെ മാത്രമേ അവസാനിക്കൂ. കോൺഗ്രസിന് ദോഷം വരുന്ന നിലപാട് സ്വീകരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല,എല്ലാം തേടിവന്നതാണ്. ഡി.സി.സി അധ്യക്ഷ പട്ടികയിൽ അതൃപ്തിയില്ലെന്നും ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം