ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവള സ്ഫോടനത്തിനു ചുക്കാന്‍ പിടിച്ച ഐ.എസ്. അഫ്ഗാന്‍ ഘടകത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലും. ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ആദ്യം മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ആധിപത്യമുറപ്പിക്കാന്‍ സംഘടന ശ്രമം നടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരാണു വെളിപ്പെടുത്തിയത്.
ഭീകരാക്രമണങ്ങളിലൂടെ ചോരപ്പുഴയൊഴുക്കിയും യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചും ലക്ഷ്യം കൈവരിക്കാനാണ് ഐ.എസ്-കെ ഘടകത്തിന്റെ നീക്കം. ഖിലാഫത്താണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ആദ്യം മധ്യേഷ്യയില്‍ ജിഹാദിന്റെ വിത്തുപാകിയശേഷം ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ അധികാരം സ്ഥാപിക്കാനാണു നീക്കം. കേരളത്തില്‍നിന്നും മുംബൈയില്‍നിന്നുമുള്ള യുവാക്കള്‍ സംഘടനയില്‍ അംഗങ്ങളാണ്. നിശബ്ദമായി തീവ്രനിലപാടുകാരില്‍ വേരോട്ടം നടത്തി ലക്ഷ്യം അകലെയല്ലെന്ന ബോധ്യം സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവരെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. വാഗ്ദാനം ചെയ്തതുപോലെ അഫ്ഗാനില്‍ സുരക്ഷ ഉറപ്പാക്കാന്‍ താലിബാനു സാധിക്കില്ലെന്നു തെളിയിക്കാനാണു കാബൂള്‍ സ്ഫോടനത്തിലൂടെ ഐ.എസ്-കെ ലക്ഷ്യമിട്ടതെന്നുമാണു നിരീക്ഷണം.

