പാരാലിമ്പിക്സില്‍ വെള്ളി നേടി ഭാവിനബെന്‍ പട്ടേല്‍

ടോക്കിയോ: പാരാലിമ്പിക്സ് ഫൈനലില്‍ കടന്ന വനിതാ ടേബിള്‍ ടെന്നീസ് താരം ഭാവിനബെന്‍ പട്ടേലിന് വെള്ളി മെഡല്‍. രാവിലെ 7.15 മുതല്‍ നടന്ന ഫൈനലില്‍ ചൈനയുടെ സോവു യിങിനൊട് തോറ്റതോടെയാണ് വെള്ളി മെഡല്‍ നേടിയത്. ക്ലാസ് 4 സെമി ഫൈനലില്‍ ചൈനയുടെ സാങ് മിയാവുവിനെയാണു (32) ഭാവിന തോല്‍പ്പിച്ചത്. സെമിയില്‍ കടന്നതോടെ ഭാവിന ഇന്ത്യക്ക് ഒരു മെഡല്‍ ഉറപ്പാക്കിയിരുന്നു. സാങിനെതിരേ നടന്ന മത്സരത്തില്‍ ഭാവിന ആദ്യ ഗെയിം 11-7 നു നഷ്ടപ്പെടുത്തി. തുടര്‍ച്ചയായി അഞ്ച് പോയിന്റ് നേടിയായിരുന്നു ചൈനീസ് താരത്തിന്റെ മുന്നേറ്റം. രണ്ടാം ഗെയിം അതേ സ്‌കോറിനു നേടി ഇന്ത്യന്‍ താരം തിരിച്ചടിച്ചു.

ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും കണ്ടു. 8-6 നു മുന്നിലെത്തിയ ശേഷം ഭാവിന തിരിഞ്ഞു നോക്കിയില്ല. മൂന്നാം ഗെയിമില്‍ ഭാവിന തുടക്കത്തിലേ 5-0 ത്തിന്റെ ലീഡ് നേടി. 11-4 എന്ന സ്‌കോറിനു ഗെയിമും സ്വന്തമാക്കി. അടുത്ത ഗെയിം 11-9 നു സ്വന്തമാക്കിയ സാങ് മത്സരം ആവേശകരമാക്കി. നിര്‍ണായകമായ അവസാന ഗെയിമില്‍ പതറാതെ കളിച്ച ഭാവിന 11-8 നു ജയവും ഫൈനലിലേക്കു യോഗ്യതയും നേടി. ലോക റാങ്കിംഗില്‍ മൂന്നാം നമ്പര്‍ താരമാണു സാങ്. 34 വയസുകാരിയായ ഭാവിന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ ബോറിസ്ലാവ പെറിച് റാങ്കോവിച്ചിനെ തോല്‍പ്പിച്ചാണു മെഡല്‍ ഉറപ്പാക്കിയത്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഭാവിനയെ അഭിനന്ദിച്ചു. 20 വര്‍ഷമായി ടേബിള്‍ ടെന്നീസ് കളിക്കുന്ന തന്റെ മകള്‍ സ്വര്‍ണം ഉറപ്പായും നേടുമെന്നു പിതാവ് ഹസ്മുഖ് ഭായ് പട്ടേല്‍ പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം