തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസുകാരിയെ സ്ഥലംമാറ്റി. പിങ്ക് പൊലീസ് ഓഫീസർ രജിതയെയാണ് റൂറൽ എസ്പി ഓഫീസിലേക്ക് 29/08/21 ഞായറാഴ്ച മാറ്റിയത്.
സംഭവത്തെ കുറിച്ച അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് കൈമാറി. 28/08/21 ശനിയാഴ്ച ആറ്റിങ്ങലിലാണ് പരാതിക്കാസ്പദമായ സംഭവം. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു.
ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
അന്വേഷണവിധേയമായാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു. പരാതിയിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

