ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം ഒന്നു മുതല്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. കോവിഡ് പ്രതിരോധ വാക്സിന് ഇതുവരെ കുട്ടികള്‍ക്കു നല്കിയിട്ടില്ലാത്തതിനാല് സ്കൂളുകള്‍ തുറക്കുന്നത് ഭീഷണിയാണെന്ന് എയിംസിലെ ഡോ. നവീത് വിജ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും പൂര്‍ണമായി വിലയിരുത്തിയശേഷമേ അതുസംബന്ധിച്ച തീരുമാനമെടുക്കാവൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂളുകളില്‍ പോകാനാകാത്തതിനാല്‍ കുട്ടികള്‍ വീട്ടിലിരുന്നു മടുത്തെന്നു നമുക്കറിയാം. എന്നാല്‍, അതിന്റെ അപകടസാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടില്ല. കുട്ടികള്‍ സ്കൂളുകളിലേക്കു പോകുമ്പോള്‍, വാക്സിന് ലഭിക്കാത്ത വ്യക്തിയായിത്തന്നെ അവരെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിനു മുമ്പായി ടെസ്റ്റ് പോസിറ്റിവിറ്റി 0.5 ശതമാനത്തില്‍ താഴെയാണെന്ന് ഉറപ്പുവരുത്തണം. സ്കൂളുകളില്‍ കുട്ടികള്‍ ശുചിത്വം പാലിക്കുന്നുണ്ടെന്നും മാസ്ക് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡോ. വിജ് പറഞ്ഞു.

