ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ‘ഭാരത് സീരീസ്’ എന്ന പേരിൽ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിലൂടെ സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം.
റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.
നിലവിലെ സാഹചര്യത്തിൽ ഒരു വാഹനം വാങ്ങിയാൽ ആ വാഹനം വാങ്ങിയ സംസ്ഥാനത്തിനു പുറത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. റജിസ്റ്റർ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തിൽ കൂടുതൽ കാലം വാഹനം ഉപയോഗിക്കാനാകില്ല. അല്ലാത്തപക്ഷം വാഹനം റീ റജിസ്റ്റര്‍ ചെയ്യണം. ഏതു സംസ്ഥാനത്താണോ വാഹനം ആദ്യം റജിസ്റ്റർ ചെയ്തത് അവിടെനിന്നുള്ള എൻഒസി സർട്ടിഫിക്കറ്റും ആവശ്യമാണ്. ആദ്യം വാഹനം റജിസ്റ്റർ ചെയ്ത സംസ്ഥാനത്തുനിന്ന് നികുതി റീഫണ്ട് ചെയ്യുകയും മറ്റു സ്ഥലത്തു തിരിച്ചടയ്ക്കുകയും ചെയ്യണം.
ഇതിനു പകരമായാണ് ‘ഭാരത് സീരീസ്’ എന്ന പേരിൽ പുതിയ വാഹന റജിസ്ട്രേഷൻ സംവിധാനം കൊണ്ടുവരുന്നത്. ഉപരിതല ഗതാഗത മന്ത്രാലയം ഇതിനായി പ്രത്യേക ഏകജാലക പോർട്ടൽ സജ്ജമാക്കും. അതിലൂടെ വാഹനം റജിസ്റ്റർ ചെയ്യാം. വാഹന റജിസ്ട്രേഷൻ നമ്പരിനും വ്യത്യാസമുണ്ടാകും.
വാഹനം വാങ്ങിയ വർഷത്തിലെ അവസാന രണ്ടക്കങ്ങൾ ബി, എച്ച് (ഭാരത് സീരീസ്) എന്നീ അക്ഷരങ്ങൾ, നാലക്കങ്ങൾ, ഇംഗ്ലിഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങളും ചേർത്താകും റജിസ്ട്രേഷൻ നമ്പര്‍. നിലവിൽ സംസ്ഥാനങ്ങളുടെ ചുരുക്ക പേര് ഉപയോഗിച്ചാണ് വാഹന റജിസ്ട്രേഷൻ നടത്തുന്നത്. വാഹനത്തിന്റെ നികുതി അടയ്ക്കുന്നത് നിലവിലെ 15 വർഷമെന്നതിനു പകരം 2 വർഷമാക്കിയേക്കും.
പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സൈനികർ, പൊതുമേഖലാ സ്ഥാപനങ്ങളിലും കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകളിലും പ്രവർത്തിക്കുന്നവർ, നാലോ നാലിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് ഭാരത് സീരീസിൽ റജിസ്ട്രേഷന് മുൻഗണ ലഭിക്കുന്നത്. നിലവിലുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ ഭാരത് സീരീസിലേക്കു മാറ്റണമോ എന്നതിനെ കുറിച്ച് ഉപരിതല ഗതാഗത മന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് വിവരം.

