സര്‍ക്കാര്‍ നടത്തുന്നത് പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍- മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളികള്‍ക്കായി നോര്‍ക്ക ആവിഷ്‌കരിച്ച നോര്‍ക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതാണ്ട് 15 ലക്ഷത്തോളം സഹോദരങ്ങളാണ് കോവിഡ് കാലത്ത് നമ്മുടെ നാട്ടിലെത്തിയത്. ഇതില്‍ വളരെയധികം പേര്‍ ലോക്ഡൗണ്‍ സൃഷ്ടിച്ച തൊഴില്‍ നഷ്ടത്തിന്റെ ഇരകളുമാണ്. ജീവിതത്തിന്റെ നല്ലൊരുകാലം നമ്മുടെ നാടിന്റെ സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുന്നതിനായി പ്രയത്നിച്ചവരാണിവര്‍. ഇവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നതിനാലാണ് അവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

കോവിഡ് മഹാമാരി ആരംഭിച്ച ഘട്ടംമുതല്‍ തന്നെ നോര്‍ക്കാ റൂട്ട്സില്‍ കോവിഡ് റെസ്പോണ്‍സ് സെല്‍ ആരംഭിച്ചിരുന്നു. അതുവഴി പ്രവാസി മലയാളികളുടെ ആശങ്കകള്‍ വലിയൊരളവോളം പരിഹരിക്കാനായി. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളുമായും പ്രവാസി സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട്, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. 16 രാജ്യങ്ങളില്‍ കോവിഡ് ഹെല്‍പ്പ്ഡെസ്‌ക് ആരംഭിച്ചു. പ്രവാസികള്‍ക്ക് നാട്ടിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നതിനു ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

ലോക്ഡൗണ്‍ മൂലം തൊഴിലിടങ്ങളിലേക്കു തിരിച്ചുപോകാന്‍ സാധിക്കാതെ വന്നവര്‍ക്ക് അടിയന്തര ധനസഹായമായി അയ്യായിരം രൂപ വീതം അനുവദിച്ചു. അതു വലിയ തുകയല്ലെങ്കിലും സര്‍ക്കാരിന്റെ കരുതലിന്റെ സൂചന അതിലുണ്ട്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് ഈ സഹായം ലഭിച്ചത്. 64.3 കോടി രൂപ ഇതിനായി വിനിയോഗിച്ചു. പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപ വകയിരുത്തി. അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചു.

പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയ്ക്കായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

ഇതില്‍ നിന്നുള്ള തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന മൂന്ന് തൊഴില്‍ സംരംഭകത്വ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. നാനോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്‌കീം (പ്രവാസിഭദ്രത- പേള്‍), മൈക്രോ എന്റര്‍പ്രൈസ് അസിസ്റ്റന്‍സ് സ്‌കീം (പ്രവാസി ഭദ്രത- മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്പെഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീം (പ്രവാസിഭദ്രത- മെഗാ) എന്നിവയാണവ.

അവിദഗ്ദ്ധ തൊഴില്‍മേഖലകളില്‍ നിന്നു ള്ളവരും കുറഞ്ഞ വരുമാന പരിധിയുള്ളവരുമായ പ്രവാസി മലയാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകളും പിന്തുണാ സഹായങ്ങളും ലഭ്യമാക്കാനാണ് പ്രവാസി ഭദ്രത-നാനോ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. ഇതിനായി 30 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

കേരളാ ബാങ്ക് ഉള്‍പ്പെടെയുളള വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി സഹകരണ സംഘങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ തുടങ്ങിയവ വഴി സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ. ഇതുവഴി അഞ്ച് ലക്ഷം രൂപാ വരെ വായ്പ ലഭിക്കും. മാത്രമല്ല, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയും ഉണ്ടാകും. പദ്ധതിവിഹിതമായി 10 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.  

കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപാ മുതല്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ പലിശ സബ്സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും. 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പക ളില്‍ ഗുണഭോക്താക്കള്‍ അഞ്ച് ശതമാനം മാത്രം നല്‍കിയാല്‍ മതിയാകും. ഗുണഭോക്താക്കള്‍ക്കുളള പലിശ സബ്സിഡി ത്രൈ മാസക്കാലയളവില്‍ നോര്‍ക്കാ റൂട്ട്സ് വഴി വിതരണം ചെയ്യും. ഒന്‍പത് കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്.

ഈ പദ്ധതികള്‍ ശരിയാംവിധം ഉപയോഗപ്പെടുത്താന്‍ പ്രവാസി സുഹൃത്തുക്കള്‍ തയ്യാറാവണം. സംശയങ്ങള്‍ തീര്‍ക്കാനും പദ്ധതിയില്‍ ചേരുന്നതിനു പിന്തുണ ഒരുക്കാനും നോര്‍ക്കാ റൂട്ട്സ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിന്റെ ഒന്നാംഘട്ടത്തില്‍ നാം നേരിട്ട പ്രതിസന്ധി പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുക എന്നതായിരുന്നുവെങ്കില്‍, ഇപ്പോള്‍ അവരെ തിരികെ തൊഴിലിടങ്ങളിലേയ്ക്ക് എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.

വൈറസിന്റെ തീവ്രത കുറയുകയും ലോകം സാധാരണ നിലയിലേക്ക് തിരികെവരുന്നുവെന്ന പ്രതീതി ഉണ്ടാവുകയും ചെയ്ത ഘട്ടത്തിലാണ്, വിദേശത്തുണ്ടായിരുന്ന പ്രവാസികളില്‍ പലരും അവധിക്കും മറ്റുമായി നാട്ടിലെത്തിയത്. ഈ ഘട്ടത്തിലാണ് രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിച്ചത്. ഇതോടെ ലോകരാജ്യങ്ങള്‍ പലതും വിമാനസര്‍വ്വീസ് നിര്‍ത്തിവെച്ചു. അതോടെ നാട്ടിലെത്തിയ പലര്‍ക്കും യഥാസമയം തിരിച്ചു പോകാന്‍ സാധിക്കാത്ത നിലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ പ്രവാസികളെ മുന്‍ഗണനാ വിഭാഗമാക്കി വാക്സിനേഷന്‍ നല്‍കുന്നുണ്ടെങ്കിലും കോവാക്സിനെ പല രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശത്ത് ക്വാറന്റൈന്‍ ഒഴിവാക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണെന്നാണ് അറിയുന്നത്. ഇവയെല്ലാം പരിഹരിക്കാന്‍ നയതന്ത്രതല ചര്‍ച്ചകളാണ് അനിവാര്യം. അതിനായി കേരളം കേന്ദ്രസര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിലെ സാധാരണക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.

കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം,  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറി. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →