കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക വാർഡ് തുറന്നു

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ വാർഡ് തുറന്നു. പ്രധാനമന്ത്രി കെയർ ഫണ്ടിൽ 75 ലക്ഷം രൂപ ചെലവിലാണ് ‘അതിഥിദേവോഭവ’ എന്ന പേരിൽ വിവിധ നാടുകളിൽനിന്നെത്തുന്നവർക്ക് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കിയത്. ഈ ചികിത്സാപദ്ധതിയിൽ ഏഴ് ബെഡുകളും അഞ്ച് വെന്റിലേറ്ററുകളും അടങ്ങുന്ന ഐ.സി.യു. പ്രവർത്തനക്ഷമമായി.

ഇതിൽ മോണിറ്ററുകൾ, സിറിഞ്ച് പമ്പുകൾ എന്നീ സൗകര്യങ്ങളുണ്ട്. 10 ബെഡുകളുള്ള പ്രത്യേക വാർഡും ഒരുക്കിയിട്ടുണ്ട്. ഏഴാം നിലയിൽ 702-ാം വാർഡിലാണ് ഐ.സി.യു. 704-ൽ പത്ത് കിടക്കവാർഡും പ്രവർത്തിക്കും.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക വാർഡ് തുറന്നു. കളക്ടർ ടി.വി.സുഭാഷ് മുൻകൈയെടുത്താണ് പ്രധാനമന്ത്രി കെയർ ഫണ്ടിൽ ഈ സൗകര്യം പരിയാരത്ത് ഒരുക്കിയത്. കേരളത്തിൽ ആദ്യമായിട്ടാണ് സർക്കാർ മെഡിക്കൽ കോളേജിൽ അതിഥിത്തൊഴിലാളികൾക്കുവേണ്ടി ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →