വയനാട്: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകള്‍ വഴി നടപ്പിലാക്കുന്ന വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പച്ചക്കറി വികസന പദ്ധതി പ്രകാരം രണ്ടര സെന്റ് സ്ഥലത്ത് മഴമറകള്‍ പണിയുന്നതിന് അമ്പതിനായിരം രൂപയും സര്‍ക്കാര്‍, സ്വകാര്യതലത്തിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, പൊതു- സാമൂഹ്യ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയില്‍ 50 സെന്റ് പച്ചക്കറി തോട്ടമൊരുക്കുന്നതിന് ഒരു ലക്ഷം രൂപ വരെയും സഹായം ലഭിക്കും. പ്രൊജക്റ്റുകള്‍ സപ്തംബര്‍ 10 നു മുമ്പായി കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. വാണിജ്യ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് ഇരുപതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ സബ്സിഡിയുണ്ട്.
തരിശുഭൂമികളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് നാല്‍പതിനായിരം രൂപയാണ് സഹായം. വയനാട് പാക്കേജ് പദ്ധതിയില്‍ പുതിയ കുരുമുളക് തോട്ടം വെച്ചു പിടിപ്പിക്കല്‍, കുരുമുളക് കൃഷി പുനരുദ്ധാരണം, പുതിയകാപ്പി തോട്ടം വെച്ചു പിടിപ്പിക്കല്‍, കാപ്പി കൃഷി പുനരുദ്ധരണം, ഇടവിള കൃഷി തുടങ്ങിയവക്കും സഹായധനം ലഭിക്കും. വിശദവിവരങ്ങള്‍ കൃഷിഭവനുകളില്‍ ലഭ്യമാണ്.
ഹോര്‍ട്ടിക്കള്‍ച്ചറല്‍ മിഷന്‍ പദ്ധതികളായ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന കാടുവെട്ടിയന്ത്രം, ചെയിന്‍ സോ, കുരുമുളക് മെതിയന്ത്രം ഗാര്‍ഡന്‍ ടില്ലറുകള്‍ തുടങ്ങിയവക്ക് വിലയുടെ 50 ശതമാനവും ഒരു ലക്ഷം രൂപ മുതല്‍ മുടക്കുള്ള ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ പുഷ്പ കൃഷി യൂണിറ്റിന് 40000 രൂപയും ലഭിക്കും. സസ്യസംരക്ഷണ ഉപകരണങ്ങള്‍-സ്പ്രേയറുകള്‍ക്കുമുള്ള സബ്സിഡിക്കും അപേക്ഷിക്കാവുന്നതാണ്. ജലസേചന കുളത്തിന് 1200 ക്യുബിക്ക് മീറ്ററിന് 90000 രൂപയുടെ ധനസഹായവും ലഭ്യമാണ്. പ്ളാസ്റ്റിക്ക് പുതയിടീല്‍ ഹെക്ടറിന് 18400 രൂപ സഹായത്തിനും അതാത് കൃഷിഭവനുകളില്‍ സപ്തംബര്‍ 10 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

