കൊച്ചി: മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനം ഉദ്യോഗസ്ഥൻ എൻ.ടി സാജനും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകൾ. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ വിളിച്ചു.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആന്റോ അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇവരുടെ ഗൂഡാലോചന കൃത്യമായി വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ രേഖകൾ.
മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയിൽ കുടുക്കുകയായിരുന്നു. സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേർന്ന് സാജൻ സമീറിനെതിരെ ഫെബ്രുവരി 15ന് റിപ്പോർട്ട് നൽകിയത്. ഇതേ ദിവസം സാജനും ആന്റോ അഗസ്റ്റിനും തമ്മിൽ 12 തവണയായി ഒരു മണിക്കൂറിലേറെ സംസാരിച്ചു.
ഫെബ്രുവരി 14 നും മെയ് 26 നും ഇടയിലെ ആകെ വിളിച്ചത് 86 തവണ. സാജന്റെ ഔദ്യോഗിക നമ്പറിലും പേഴസ്നൽ നമ്പറിലുമായിട്ടായിരുന്നു ആന്റോയുമായുള്ള സംസാരം. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഫെബ്രുവരി 8ന് രജിസ്റ്റർ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സാജന്റെ സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ പറയുന്നത്.
ദീപക് ധർമ്മടവും പ്രതികളായ ആന്റോ സഹോദരങ്ങളും തമ്മിൽ ഫെബ്രുവരി 1 മുതൽ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു.
ഇതേ ദിവസം ആന്റോ അഗസ്റ്റിനും ദീപകും തമ്മിൽ സംസാരിച്ചത് അഞ്ചു തവണയാണെന്നും രേഖകളില്‍ നിന്ന് വ്യക്തം. മരം മുറി അട്ടിമറിക്കാനുള്ള ഗൂഡാലോചന തെളിയിക്കുന്ന റിപ്പോർട്ടുണ്ടായിട്ടും സാജനെതിരെ സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ് സർക്കാർ സ്വീകരിച്ചത്.