തിരുവനന്തപുരം – പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കൾ കണ്ടെത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ വി എസ് അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ വിദ്യാർത്ഥിനി എസ് ആര്യ ഉൾപ്പെടുന്ന ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ വനമേഖലയിൽ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്.
പുതുതായി കണ്ടെത്തിയ സസ്യങ്ങൾക്ക് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ , ജവഹർലാൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ.മാത്യു ഡാൻ എന്നിവരുടെ പേര് നൽകി. ഇൻപേഷ്യൻസ് അച്യുതാനന്ദനി, ഇൻപേഷ്യൻസ് ശൈലജേ, ഇൻപേഷ്യൻസ് ഡാനി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ കാശി തുമ്പകൾക്ക് നൽകിയ പേരുകൾ.
മൂന്നാറിലും മതികെട്ടാൻ ചോലയിലും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി രാഷ്ട്രീയ തീരുമാനമെ ടുക്കുക വഴി സർക്കാർ ഭൂമി തിരിച്ച് പിടിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ കാണിച്ച ആർജവമാണ് അദ്ദേഹത്തിന്റെ പേര് നൽകാൻ കാരണം. വെള്ളയിൽ നേരിയ മഞ്ഞ കലർന്ന ചെറിയ പുഷ്പങ്ങളും ധാരാളം ജലാംശം അടങ്ങിയ ഇലകളും തണ്ടുകളുമടങ്ങിയ തുമ്പ ചെടിക്കാണ് ഇൻപേഷ്യൻസ് അച്യുതാനന്ദനി എന്ന പേര് നൽകിയത്.
നിപയും കൊവിഡും വന്നപ്പോൾ പതറാതെ ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യ മന്ത്രിയായിരിക്കെ ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകർന്ന് രോഗ്യവ്യാപനം തടയുന്നതിൽ കൈക്കൊണ്ട തീരുമാനങ്ങളെ തുടർന്നാണ് കെ കെ ശൈലജയുടെ പേര് നൽകിയത്. പിങ്ക് നിറത്തിൽ വലിയ പൂക്കളുള്ള നീണ്ട തേൻവാഹിയുള്ള തുമ്പ ചെടിക്കാണ് ഇൻപേഷ്യൻസ് ശൈലജേ എന്ന് പേര് നൽകിയത്.
സസ്യവർഗീകരണ രംഗത്ത് ഡോ.മാത്യു ഡാൻ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് മൂന്നാമത്തെ കാശി തുമ്പയ്ക്ക് ഇൻപേഷ്യൻസ് ഡാനിയെന്ന പേര് നൽകിയത്. തൂവെള്ളയിൽ ചെറിയ പിങ്ക് പൊട്ടുകളുള്ള പൂക്കളും ആനക്കൊമ്പിനെ ഓർമ്മിപ്പിക്കുന്ന വളഞ്ഞ തേൻവാഹിനിയുള്ള തുമ്പ ചെടിക്ക് ഇൻപേഷ്യൻസ് ഡാനിയെന്ന് പേര് നൽകി.
പുതുതായി കണ്ടെത്തുന്ന സസ്യങ്ങൾക്ക് പേര് നൽകുന്നത് അന്താരാഷ്ട്രാ മാനദണ്ഡങ്ങളനുസരിച്ചാണെന്ന് യൂണിവേഴ്സിറ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസർ വി എസ് അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എസ് ആര്യയെ കൂടാതെ തിരുവനന്തപുരം ജവഹർലാൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷക വിദ്യാർത്ഥി എം ജി ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസി.പ്രൊഫസർ ഡോ.വി സുരേഷ്, റീജണൽ ക്യാൻസർ സെന്റർ ഗവേഷക വിദ്യാർത്ഥി കെ വിഷ്ണു എന്നിവരും പഠനത്തിൽ പങ്കാളികളാണ്.
മലയാളിക്ക് ‘കാശി തുമ്പ’ ഒന്നല്ല പലതാണെന്നാണ് ഒരു പറ്റം സസ്യശാസ്ത്ര ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ.ഇനിമുതൽ ഓണത്തിന് പൂക്കളം തീർക്കുമ്പോൾ ഏറ്റവും നടുക്കായി ഇടാൻ തുമ്പപൂ തന്നെ വേണമെന്ന നിർബന്ധമുള്ള പൂക്കള മത്സരങ്ങൾ ഇനി ഏത് കാശിതുമ്പയെന്ന് പ്രത്യേകം പറയേണ്ടിവരുമെന്ന് ചുരുക്കം

