തിരുവനന്തപുരം: അടുത്ത മാസത്തോടെ സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ വിതരണം പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 24/08/21 ചൊവ്വാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. നിയന്ത്രണങ്ങള്‍ കർശനമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യാന്‍ കോവിഡ് അവലോകന യോഗം ചൊവ്വാഴ്ച വൈകിട്ട് ചേരും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. കോവിഡിനിടയിലാണ് സംസ്ഥാനത്ത് ഓണമെത്തിയത്. പലയിടങ്ങളിലും ആൾക്കൂട്ടം പ്രകടമായിരുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് ഇപ്പോഴും കേരളം. മാത്രമല്ല മൂന്നാം തരംഗം ഏതു സമയത്തും എത്തുമെന്ന് കേന്ദ്രവും മുന്നറിയിപ്പ് നൽകി. ടി.പി.ആർ ഇടക്ക് ഉയർന്ന് 17 വരെ എത്തിയതാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും മാറ്റമില്ല. അതിനാല്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
സമ്പൂർണ്ണ അടച്ചിടലിലേക്ക് കടക്കില്ലെങ്കിലും നിലവിലെ ഇളവുകൾ കുറയ്ക്കാനിടയുണ്ട്. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐ.സി.യുവും സജ്ജമാക്കുകയാണ്. വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളും വര്‍ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.