ന്യൂഡല്‍ഹി: അര്‍ഹരായവര്‍ക്ക് മാത്രം ലഭ്യമാക്കുന്ന തലത്തിലേക്ക് റേഷന്‍ വിതരണ സമ്പ്രദായം അഴിച്ചു പണിയാന്‍ കേന്ദ്രം. ഇതിന്റെ കരട് തയ്യാറായതായി കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം തീരുമാനിച്ചു.ഈ മാസം തന്നെ അന്തിമരൂപം നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം റേഷന്‍ കാര്‍ഡ് ഉടമകളായ 80 ശതമാനം പേരും ഇപ്പോള്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആളുകളും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ്. ഇത് മുന്നില്‍കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്. എല്ലാവര്‍ക്കും റേഷന്‍ നല്‍കുന്നതിന് പകരം അര്‍ഹരായ ആളുകള്‍ക്ക് മാത്രമായി റേഷന്‍ പരിമിതപ്പെടുത്തുവാനാണ് കേന്ദ്രം നടപടി തുടങ്ങിയത്.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സെക്രട്ടറി വിവിധ സംസ്ഥാനങ്ങളുമായി കഴിഞ്ഞ ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് അന്തിമ രൂപം തയ്യാറാക്കും.

