ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ ഹസാര ഗോത്രവിഭാഗക്കാരായ ഷിയാക്കളെ താലിബാന്‍ കൊന്നുതള്ളുന്നുവെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ അഫ്ഗാനിലെ ഗസ്‌നി പ്രവിശ്യയിലെ മുണ്ഡറാഖത്ത് ഗ്രാമത്തില്‍ വെച്ച് 9 പേരെ താലിബാന്‍ വധിച്ചതായി ദൃക്ഷ്‌സാക്ഷികള്‍ തങ്ങളെ അറിയിച്ചുവെന്നും സമാനമായ കൊലപാതകങ്ങള്‍ വേറെയും നടക്കുന്നുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. മുണ്ഡറാഖത്ത് ഗ്രാമത്തിലെ ആറ് പേരെ വെടിവെച്ചും മൂന്ന് പേരെ പീഡിപ്പിച്ചും കൊലപ്പെടുത്തിയതായാണ് പറയുന്നത്.
താലിബാന്‍ ഇപ്പോള്‍ നടത്തിവരുന്ന ക്രൂരമായ ഈ കൊലപാതങ്ങള്‍ അവരുടെ മുന്‍കാല ചരിത്രത്തെ ഓര്‍മിപ്പിക്കുന്നുവെന്നും, ഭാവിയിലെ താലിബാന്‍ ഭരണം എങ്ങിനെയായിരിക്കുമെന്നതിന്റെ സൂചനയാണിവയെന്നുമാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ തലവന്‍ അഗനെസ് കലാമാര്‍ഡ് പറഞ്ഞത്.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അനേകം കൊലപാതകങ്ങള്‍ മേഖലയില്‍ വേറെയും നടക്കുന്നതായും, അവയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തറിയാതിരിക്കാനായി താലിബാന്‍ ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.
നേരത്തെ തന്നെ താലിബാന്‍ അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതായും കൊലപ്പെടുത്തിയതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജര്‍മന്‍ ചാനലായ ഡോയിഷ് വെല്ലയുടെ പ്രവര്‍ത്തകനായ അഫ്ഗാനി മാധ്യമപ്രവര്‍ത്തകന്റെ കുടുംബാംഗത്തെ താലിബാന്‍ കൊലപെടുത്തിയെന്ന വാര്‍ത്തയെ ജാഗ്രതയോടെ കാണണമെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന അറിയിച്ചത്.
Read Also: താലിബാന്റെ മാധ്യമവേട്ട തുടരുന്നു
താലിബാന്റെ ക്രൂരമായ നീക്കങ്ങള്‍ കാരണം അഫ്ഗാനിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ ഭീഷണിയിലാണെന്നും ഇത് നമ്മുടെയെല്ലാം ഭയം വര്‍ദ്ധിപ്പിക്കുന്നുവെന്നുമാണ് ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനായ കട്ജാ ഗ്ലോഗര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.
Read Also: ആഫ്ഗാന്‍ വനിതാ ടീമിനെ കുറിച്ച് മിണ്ടാതെ താലിബാന്‍ വക്താവ്
താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ ഏതു വിധേനയും രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സാധാരണക്കാരായ അഫ്ഗാന്‍ പൗരന്മാര്‍. അഫ്ഗാന്‍ വിട്ട് മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്നതിനായി പൗരന്മാര്‍ കാബൂളിലെ വിമാനത്താവളങ്ങളിലേക്ക് കൂട്ടമായി ഒഴുകിയെത്തിയതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ പ്രസിഡണ്ട് അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു. പ്രസിഡന്റ് രാജ്യം വിട്ടതോടെ സംരക്ഷിത (കെയര്‍ടേക്കര്‍) പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് അമറുള്ള സലെ രംഗത്തെത്തി.
താലിബാന് കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും പോരാടുമെന്നും സലെ പറഞ്ഞിരുന്നു. അഫ്ഗാന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ (രാജ്യം വിടുക, രാജിവെക്കുക, മരണം തുടങ്ങിയ സാഹചര്യങ്ങളില്‍) വൈസ് പ്രസിഡന്റിനാണ് പകരം ചുമതല.