ആലപ്പുഴ: കായംകുളം മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു: ഏപ്രിലില്‍ നാടിന് സമര്‍പ്പിക്കും

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന് കീഴില്‍ കായംകുളത്ത് നിര്‍മ്മിക്കുന്ന മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ 2022 ഏപ്രിലില്‍ തുറക്കും. കിഫ്ബിയില്‍ നിന്നും 15.03 കോടി രൂപ വകയിരുത്തി 40,000 ചതുരശ്ര അടിയില്‍ തീയേറ്ററുകളും വാണിജ്യ ഇടങ്ങളും ഉള്‍പ്പെടെയുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി.

മൂന്നു തീയറ്ററുകളാണിവിടെ ഒരുക്കുക. ഒന്ന്, മൂന്ന് തീയറ്ററുകളില്‍ 152 പേര്‍ക്കും തീയറ്റര്‍ രണ്ടില്‍ 200 പേര്‍ക്കും ഒരേ സമയം സിനിമ കാണാം. ഫോര്‍ കെ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്, മള്‍ട്ടി ലെവല്‍ അക്കോസ്റ്റിക് ഇന്റീരിയര്‍, ത്രീഡി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വെള്ളി സ്‌ക്രീന്‍, പുഷ്-ബാക്ക് സീറ്റുകള്‍, റാമ്പ്, ലിഫ്റ്റുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് തീയറ്റര്‍ ഒരുങ്ങുന്നത്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപം കായംകുളം നഗരസഭയുടെ 77 സെന്റ് സ്ഥലത്താണ് തീയറ്റര്‍ നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കായംകുളം പട്ടണത്തിന്റെ സാംസ്‌കാരിക, വിനോദ, വാണിജ്യ മേഖലകളിലെ വികസന പ്രതീക്ഷകള്‍ക്ക് ഉണര്‍വേകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →