മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഹരിത നേതാക്കളോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പികെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടിയെടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. അതേസമയം അച്ചടക്ക ലംഘനം കാട്ടി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ ഹരിത നേതാക്കള്‍ക്കതിരെ നടപടി വേണമെന്ന അഭിപ്രായം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു.
എംഎസ്എഫ് നേതൃത്വത്തിൽ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്. എന്നാൽ അതിന് മുൻപായി വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തിയ മുനവ്വറലി ശിഖാബ് തങ്ങല്‍ പരാതി പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. എംഎസ്എഫ് വനിത വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് രേഖപ്പെടുത്തിയത്. പോലീസിന് നല്‍കിയ മൊഴിയിലും തന്റെ പരാതിയില്‍ നജ്മ ഉറച്ചുനിന്നു.

