തൊടുപുഴ : വിവാദമായ മരംമുറി ഉത്തരവില്‍ റവന്യൂ,വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തട്ടേക്കാട്, നേര്യമംഗലം, അടിമാലി, മച്ചാട് റെയിഞ്ച് ഓഫീസര്‍മാര്‍ക്കാണ് മരം മുറിവിവാദത്തില്‍ വീഴ്‌ചയുണ്ടായിട്ടുളളതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മരംമുറി ഉത്തരവ് പിന്‍വലിച്ച ശേഷവും മരം മുറിക്ക് അനുമതി നല്‍കിയതായി കണ്ടെത്തി. ഏറ്റവും കൂടുതല്‍ മരം മുറി നടന്നിരിക്കുന്നത് അടിമാലി നേര്യമംഗലം റേഞ്ചുകളിലാണ്
ഈ രണ്ട് റെയ്‌ഞ്ചുകളുടെയും ചുമതല വഹിച്ചിരുന്നത് അടിമാലി റെയ്‌ഞ്ച് ഓഫീസറായിരുന്നു. ഡിഎഫ്‌ഒയുടെ നിര്‍ദ്ദേശം അവഗണിച്ചും ഇയാള്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയതായും, എട്ടുപാസുകള്‍ നല്‍കിയത് വില്ലേജ് ഓഫീസറുടെ അനുമതി ഇല്ലാതെയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 1993ലെ പട്ടയഭൂമിയില്‍ മരം മുറിക്ക് അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട് കൊന്നത്തടി വില്ലേജ് ഓഫീസര്‍ക്കും വീഴ്‌ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എരുമേലിയില്‍ സംരക്ഷിത വനത്തിലും മരംമുറിയുണ്ടായി. ഇതിലും വില്ലേജ് ഓഫീസര്‍ക്ക് വീഴ്‌ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

