ദില്ലി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനിയെ തെറിവിളിച്ച് ഇന്ത്യയിലെ അഫ്ഗനിസ്ഥാന്‍ എംബസി ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വാര്‍ത്തയായപ്പോള്‍ ട്വിറ്റര്‍ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് എംബസി പ്രസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. ട്വിറ്റർ ഹാൻഡിലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഇന്ത്യയിലെ അഫ്ഗാൻ എംബസി അധികൃതർ വ്യക്തമാക്കി.
‘അപമാനത്താല്‍ തലകുനിഞ്ഞു പോകുന്നു, എല്ലാ കാര്യങ്ങളും താറുമാറാക്കി, എല്ലാരെയും കെണിയിലാക്കി തന്‍റെ അടുത്തവരുമായി ഗനി ബാബ നാടുവിട്ടിരിക്കുന്നു. അഭയാര്‍ത്ഥികളായവരോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. രാജ്യദ്രോഹികളെ അള്ളാഹു ശിക്ഷിക്കട്ടെ. അയാളുടെ ഈ പ്രവര്‍ത്തി നമ്മുടെ ചരിത്രത്തില്‍ കളങ്കമായിരിക്കും’ – തിങ്കളാഴ്ച രാവിലെ വന്ന ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. വേറെയും ട്വീറ്റുകള്‍ ഗനിക്കെതിരെ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിലതിന്‍റെ ഭാഷ തീര്‍ത്തും മോശമായിരിന്നു എന്നാണ് റിപ്പോര്‍ട്ട്.

