ആലപ്പുഴ: സങ്കുചിതമായ ദേശീയത്വത്തേക്കാള്‍ മാനവികതയിലൂന്നിയ ദേശീയതയ്ക്ക് പ്രാമുഖ്യം നല്‍കണം-മന്ത്രി പി.പ്രസാദ്

-സ്വാതന്ത്ര്യ സ്മരണയിൽ ദീപം തെളിച്ച് നാട്
– സ്വാതന്ത്ര്യ സമര സേനാനികളും ദീപം തെളിച്ചു

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 75 ആഴ്ച നീണ്ടു നീല്‍ക്കുന്ന സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വീടുകളിലും ഓഫീസുകളിലും വൈകിട്ട് ഏഴിന് സ്വാതന്ത്ര്യ ജ്വാല തെളിച്ചു. ജില്ല തലത്തില്‍ കളക്ട്രേറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൃഷി മന്ത്രി പി.പ്രസാദ് സ്വാതന്ത്ര്യ ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. രക്തസാക്ഷികളുടെ ചോരയും മണവും നിറഞ്ഞ മണ്ണിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുതിയ പുലരിയിലേക്ക് ഉണര്‍ന്നത്. ജാതി-മത-വര്‍ഗ്ഗ-വര്‍ണ വ്യത്യാസമില്ലാതെയാണ് ഇന്ത്യ സ്വാതന്ത്ര്യ പോരാട്ടം നടത്തിയത്. സങ്കുചിതമായ ദേശീയതയല്ല, മാനവികതയിലൂന്നിയ ദേശീയതയാണ് നമുക്ക് വേണ്ടത്. കോര്‍പ്പറേറ്റ് ആധിപത്യത്തെ  ചെറുത്തുതോല്‍പ്പിക്കാനും നമുക്ക് കഴിയണമെന്ന് കൃഷി മന്ത്രി പറഞ്ഞു.

അഡ്വ.എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍,  ജില്ല പഞ്ചായത്തംഗം ആര്‍.റിയാസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ‍ബി. നസീർ , കെ എസ് ജയൻ,  ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം.മാക്കിയില്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണ്‍ കുമാര്‍,  വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍.ഷൈല, സാക്ഷരതാ മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ കെ.വി.രതീഷ്, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫീസര്‍ വിവേക് ശശിധരൻ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സെക്രട്ടറി കെ.വി. വിപിൻ ദാസ് എന്നിവര്‍ സന്നിഹിതരായി. സ്വാതന്ത്ര സമര സേനാനികളായ കായംകുളം പെരിങ്ങാല പടിപ്പുരക്കല്‍ കെ.എ. ബേക്കര്‍, സൗത്ത് ആര്യാട് അവലൂക്കുന്ന് കണ്ടത്തില്‍ കെ. കെ. വിശ്വനാഥന്‍ എന്നിവര്‍ വീടുകളില്‍ ദീപം തെളിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവായിരുന്ന കാര്‍ത്ത്യായനിയമ്മയും വീട്ടില്‍ ദീപം തെളിച്ചു. 

എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ ചാരുംമൂട് വായന ശാലയില്‍ അക്ഷര ജ്വാല തെളിച്ചു. ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കോളജുകള്‍, ലൈബ്രറികള്‍, യൂത്ത് ക്ലബുകള്‍, സാംസ്‌കാരിക സമിതികള്‍, കുടുംബശ്രീ, സാക്ഷരത മിഷന്‍ എന്നിവരും പരിപാടിയില്‍ പങ്കാളികളായി. ഇന്‍ഫര്‍മേഷൻ-പബ്ലിക് റിലേഷന്‍സ് വകുപ്പുും വിദ്യാഭ്യാസ-തദ്ദേശ സ്വയംഭരണ-സാംസ്കാരിക വകുപ്പുകളും ജില്ല ലൈബ്രറി കൗണ്‍സിലും സാക്ഷരതാ മിഷനും കുടുംബശ്രീയും നെഹ്റു യുവകേന്ദ്രയും വിവിധ സാംസ്കാരിക സമിതികളും  ചേര്‍ന്നാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →