ദില്ലി: ചിലവ് ചുരുക്കാന്‍ പുതിയ നിർദ്ദേശങ്ങളുമായി കോൺഗ്രസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കോൺഗ്രസ് നേതാക്കളോട് ചിലവ് ചുരുക്കല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുന്നത്. പാര്‍ലമെന്‍റ് അംഗങ്ങള്‍ കൂടിയായ ജനറല്‍ സെക്രട്ടറിമാരോട് വിമാനയാത്ര ചിലവ് കുറഞ്ഞ രീതിയില്‍ നടത്താനും, പറ്റാവുന്ന രീതിയില്‍ എല്ലാം ട്രെയിന്‍ ഉപയോഗിക്കാനും പറയുന്നു.
സെക്രട്ടറിമാര്‍ക്ക് 1400 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് അനുയോജ്യമായ ട്രെയിന്‍ ടിക്കറ്റ് നിരക്ക് നല്‍കും. 1400 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് കുറഞ്ഞ വിമാന നിരക്കും നല്‍കും.
ചെലവ് ചുരുക്കാന്‍ എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും എല്ലാ ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കിയതായി കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സല്‍ പറയുന്നു. സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നിവരുടെ അലവന്‍സുകള്‍ വെട്ടികുറയ്ക്കും. ഒപ്പം തന്നെ കാന്‍റീന്‍, സ്റ്റേഷനറി, പത്രം, ഇന്ധനം തുടങ്ങിയ ചിലവുകള്‍ ഭാരവാഹികള്‍ പരമാവധി കുറയ്ക്കണം.

