കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി 13/08/21 വെള്ളിയാഴ്ച തളളി.
സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹരജി നല്‍കിയത്.
സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ ഈശോ സിനിമയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്നും അത് ചിത്രത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ പരാതിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ല എന്നും കോടതി പറഞ്ഞു. എന്തിനാണ് ഇത്തരം ഒരു വിവാദം ഉണ്ടാക്കുന്നത് എന്നും കോടതി ചോദിച്ചു. എന്നാല്‍ വിഷയത്തില്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിക്കുമെന്ന് പരാതിക്കാര്‍ അറിയിച്ചു.
ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്‌ക്കെതിരെയും ടൈറ്റിലിനെതിരേയും വിദ്വേഷ പ്രചരണം ആരംഭിച്ചത്. എന്നാല്‍ നാദിര്‍ഷായെ പിന്തുണച്ച് സിനിമാരംഗത്തുള്ള നിരവധി പേര്‍ എത്തിയിരുന്നു. ഈശോ സിനിമക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഫെഫ്കയും മാക്ടയും അറിയിച്ചിരുന്നു.