കളളില്‍ കഞ്ചാവ്‌ കലര്‍ത്തി വില്‍പ്പന : ഇടുക്കിയില്‍ 25 ഷാപ്പുകള്‍ക്ക്‌ പൂട്ടുവീഴുന്നു

തൊടുപുഴ: വീര്യം കൂട്ടാന്‍ കളളില്‍ കഞ്ചാവ്‌ കലര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇടുക്കിയില്‍ 25 ഷാപ്പുകള്‍ അടച്ചുപൂട്ടും. തൊടുപുഴ റേഞ്ചിലെ 25 ഷാപ്പുകള്‍ക്കതിരെയാണ്‌ നടപടി. ലൈസന്‍സ്‌ റദ്ദാക്കലുള്‍പ്പടെയുളള കടുത്ത നടപടികള്‍ക്കാണ്‌ സാധ്യത. കളളുഷാപ്പുകളില്‍ നിന്ന്‌ ശേഖരിച്ച തെങ്ങിന്‍ കളളിലാണ്‌ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. ശേഖരിച്ച സാമ്പിള്‍ കാക്കനാട്ടുളള സര്‍ക്കാരിന്റെ കെമിക്കല്‍ ലാബില്‍ അയച്ചതിന്റെ ഫലം രണ്ടുദിവസം മുമ്പാണ്‌ എക്‌സൈസിന്‌ ലഭിച്ചത്‌.

പാലക്കാടുനിന്നെത്തിക്കുന്ന കളളിലാണ്‌ കഞ്ചാവിന്റെ അംശമെന്ന്‌ അധികൃതര്‍ പറയുന്നു. കളളുഷാപ്പ്‌ ലൈസന്‍സ്‌ നേടണമെങ്കില്‍ ഒരു ഷാപ്പിന്റെ കീഴിലെ 50 തെങ്ങ്‌ മിനിമം ചെത്തണം. ഇടുക്കി പോലുളള പ്രദേശങ്ങളില്‍ ഇത്‌ അസാധ്യമായതിനാല്‍ ഷാപ്പുടമകള്‍ തെങ്ങുംതോപ്പുകള്‍ ഏറെയുളള പാലക്കാട്‌ ജില്ലയില്‍ നിന്നാണ്‌ തെങ്ങ്‌ ലൈസന്‍സി എടുക്കുന്നത്‌. ഇത്തരത്തിലെടുത്ത തോപ്പുകളില്‍ നിന്ന്‌ കൊണ്ടുവരുന്ന കളളിലാണ് വീര്യം അല്‍പ്പം കൂട്ടാന്‍ കഞ്ചാവ്‌ കലര്‍ത്തിയതായി കണ്ടെത്തിയിട്ടുളളത്‌.

ക്രമക്കേട്‌ കണ്ടെത്തിയ ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട്‌ എക്‌സൈസ്‌ കമ്മീണര്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കുമെന്ന്‌ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ വിഎ സലീം പറഞ്ഞു. കളളുഷാപ്പ്‌ പൂട്ടുന്നതോടൊപ്പം ഉടമകള്‍ക്കെതിരെയും മാനേജര്‍മാര്‍ക്കെതിരെയും ക്രമിനല്‍ കേസുള്‍പ്പെടയുളള നടപടികളുമായി മുന്നോട്ട് പോകാനാണ്‌ എക്‌സൈസിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →