കണ്ണൂർ: സംസ്ഥാനത്തെമ്പാടും വിവാദമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് എതിരെ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി.
ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ അറിയിച്ചു. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങൾ വഴി കലാപം ആഹ്വാനം ചെയ്തതിനാണ് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേർക്കെതിരെ കേസെടുത്തത്. സമൂഹ മാധ്യമങ്ങളിൽ യുവാക്കൾ യുക്തിരഹിതമായി പെരുമാറരുതെന്നും ഇളങ്കോവൻ പറഞ്ഞു. ബിഹാറിൽ വച്ച് നിയമ ലംഘനം നടത്തിയ സംഭവത്തിൽ പൊലീസ് പ്രാഥമിക പരിശോധന തുടങ്ങി. വ്ളോഗർമാർ പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ ആ വകുപ്പ് എടുത്തു മാറ്റും. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം നൽകിയാൽ 18 വയസിൽ കുറവുള്ള കുട്ടികളാണെങ്കിലും ജുവനൈൽ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും ഇളങ്കോവൻ വ്യക്തമാക്കി.

