ന്യൂഡൽഹി: പെഗാസസ് കേസിൽ മറുപടി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി. കേസ് അടുത്ത 16/08/21 തിങ്കളാഴ്ചത്തേയ്ക്ക് കോടതി മാറ്റി.
കേസില്‍ മറുപടി തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 13/08/21 വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി. കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ സമാന്തര ചർച്ച പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചില മര്യാദകൾ പാലിക്കണമെന്ന് കപിൽ സിബലിനോട് കോടതി പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും അത് കോടതിക്ക് ഉള്ളിലാണ് ഉന്നയിക്കേണ്ടതെന്നും പരമോന്നത കോടതി പറഞ്ഞു.
ഗുണകരമായ ചർച്ചയാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നത്. ജൂഡീഷ്യൽ സംവിധാനത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

