കോഴിക്കോട്: ബഹു: പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പ്

കോഴിക്കോട്: കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്ക പാത നിർമ്മാണം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്തംബർ ആദ്യ വാരം യോഗം ചേർന്ന് ഓരോ രണ്ട് ആഴ്ചയും ചെയ്യേണ്ട പ്രവൃത്തികളുടെ ചാർട്ട് ഉണ്ടാകും. ഓരോ രണ്ട് ആഴ്ചയും ഇടവിട്ട് പ്രവൃത്തി അവലോകനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന അവലോകന യോഗവും കൃത്യമായ ഇടവേളകളിൽ ചേരും.  

തുരങ്കത്തിന്റെ മുകൾഭാഗത്ത്  സുരക്ഷാ ജോലികൾ പൂർത്തിയാക്കാൻ ഉണ്ട്. ടണലിന്റെ മുകൾഭാഗത്തും അടിഭാഗത്തുമുള്ള കോൺക്രീറ്റിംഗ് നടത്തണം. ജലനിർഗമനത്തിനും കേബിളിങ്ങിനുമുള്ള  ഡക്കുകളുടെ നിർമ്മാണവും പൂർത്തിയാക്കണം. ഹാൻഡ് റെയിലുകളുടെ നിർമ്മാണം, ലൈറ്റുകൾ, അഗ്നിശമന സംവിധാനങ്ങൾ , സി സി ടി വി, എസ് ഒ എസ് ഫോൺ, സ്പീക്കർ, പെയ്ൻ്റിംഗ്, റോഡ് മാർക്കിംഗ് എന്നിവയും ഈ പ്രവൃത്തിയുടെ ഭാഗമാണ്. തുരങ്ക പാത റോഡ് നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ആദ്യ തുരങ്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതു പോലെ എല്ലാവരേയും യോജിപ്പിച്ചു കൊണ്ട്  രണ്ടാം തുരങ്കവും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, ഡോ. ആർ ബിന്ദു, എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, പി പി സുമോദ് എം എൽ എ എന്നിവരെല്ലാം ഒരു ടീമായി തന്നെ  രണ്ടാം തുരങ്കം പൂർത്തിയാക്കാനും പ്രവർത്തിക്കും.  പി ഡബ്ല്യു ഡി സെക്രട്ടറി, ജില്ലാ കലക്ടർ, സ്പെഷ്യൽ ഓഫീസർ എന്നിവർ പ്രവൃത്തി കൃത്യമായി നിരീക്ഷിക്കും. ദേശീയപാതാ അതോറിറ്റിയും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകും. സംസ്ഥാന സർക്കാറിന്റെ പിന്തുണക്ക് യോഗത്തിൽ പങ്കെടുത്ത ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ നന്ദി അറിയിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഉന്നതതല യോഗത്തിൽ മന്ത്രിമാർ, എം പി മാർ, എം എൽ എ, പിഡബ്ല്യുഡി സെക്രട്ടറി, ജില്ലാ കലക്ടർ, സ്പെഷ്യൽ ഓഫീസർ, എൻ എച്ച് എ ഐ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →