ആലപ്പുഴ: ജില്ലയിലെ കോവിഡ് ബാധിതരുടെ പശുക്കളെയും കിടാങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടേയും ഗ്രാമപഞ്ചായത്തുകളുടേയും സഹകരണത്തോടെ നടപ്പാക്കുന്ന ‘ദയ’ പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു. കോവിഡ് ബാധിതരായ ക്ഷീര കര്‍ഷകരുടെ ജീവനോപാധിയായ കന്നുകാലികളെ സംരക്ഷിക്കുന്നതോടൊപ്പം കറവ പശുക്കളുടെ പാല്‍ പാഴാകാതെ സംഭരിക്കാനും പദ്ധതിയിലൂടെ സാധിക്കും. ദയ പദ്ധതിക്കായി 72 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 160ലേറെ കാലികളെ ഇതിനകം പദ്ധതിയിലൂടെ പരിചരിച്ച് ഉടമസ്ഥര്‍ക്ക് തിരികെ കൈമാറിയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
കോവിഡ് ബാധിക്കുന്ന ക്ഷീരകര്‍ഷകര്‍ പ്രദേശത്തെ ആശാ പ്രവര്‍ത്തകരെ വിവരം അറിയിക്കുന്നത്തോടെ കന്നുകാലികള്‍ക്കുള്ള താല്‍ക്കാലിക സംരക്ഷണം ഒരുക്കും. ആശ പ്രവര്‍ത്തക പ്രദേശത്തെ ക്ഷീര വികസന ഓഫീസറെ അറിയിച്ച് സമീപമുള്ള മില്‍മ ക്ഷീര സംഘം സെക്രട്ടറിയെ കാലികളുടെ താല്‍ക്കാലിക സംരക്ഷണകേന്ദ്രം ഒരുക്കുന്നതിനുള്ള ചുമതല ഏല്‍പ്പിക്കും. ക്ഷീര സംഘം സെക്രട്ടറി കോവിഡ് ബാധിതന്റെ വീട്ടില്‍ നിന്നും കന്നുകാലികളെ താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കും. ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്ന തുകയും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ തുകയും ഉപയോഗിച്ച് കന്നുകാലികളെ പരിചരിക്കുന്ന ആളുടെ വേതനവും പശുക്കളുടെ കാലിത്തീറ്റയും മറ്റു ചെലവുകളും ഉറപ്പുവരുത്തും.

