പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു നിര്‍വഹിച്ചു. കാര്‍ഡ് ഡയറക്ടര്‍ റവ. ഏബ്രഹാം പി. വര്‍ക്കി അധ്യക്ഷത വഹിച്ചു.
ജില്ലയിലെ കോയിപ്രം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണു പദ്ധതി തുടക്കം കുറിച്ചത്. 120 കുടുംബങ്ങളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ 120 കുടുംബങ്ങളിലും ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി നടത്തുന്നതിനു സഹായം എത്തിക്കും. പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗുകളും, നടുന്നതിന് പയര്‍, വെണ്ട, വെള്ളരി എന്നിവയുടെ വിത്തുകളും, മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകളും നല്‍കും. ഇവയുടെ പരിചരണത്തിനായി ഹാന്‍ഡ് സ്പ്രയര്‍, കൈത്തൂമ്പാ, മണ്ണിര കമ്പോസ്റ്റ്, പച്ചക്കറിക്കുള്ള സൂക്ഷ്മ മൂലക വളക്കൂട്ടായ വെജിറ്റബിള്‍ മാജിക്, ജൈവകീടനാശിനിയായ ശ്രേയ തുടങ്ങിയവും ഈ കുടുംബങ്ങള്‍ക്കു നല്‍കും. ആവശ്യമായ പരിശീലനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവര്‍ക്ക് കുറ്റിക്കുരുമുളക് തൈകള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള 150 മാതൃ സസ്യം നല്‍കും. ഈ ഗ്രൂപ്പ് ഉല്പാദിപ്പിക്കുന്ന കുറ്റിക്കുരുമുളക് തൈകള്‍ കൃഷി വിജ്ഞാന കേന്ദ്രം തിരികെ വാങ്ങി വിപണന സൗകര്യം ഒരുക്കും. മൂന്നാം ഘട്ടത്തില്‍ ഈ വാര്‍ഡില്‍ ലഭ്യമായ പൊതു സ്ഥലങ്ങളില്‍ ഗുണമേന്മയുള്ള ഫലങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ ഫലവൃക്ഷതൈകള്‍ നട്ട് പരിപാലിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ കാര്‍ഷിക ഉല്പാദന ഉപാധികളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കോയിപ്രം ഗ്രാമ പഞ്ചായത്ത് അംഗം ജോണ്‍സണ്‍ തോമസ് നടീല്‍ വസ്തുക്കളുടെ വിതരണം നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്‍ ഫാം മാനേജര്‍ അമ്പിളി വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു.