കോട്ടയം : മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത. അരീപ്പറമ്പ് സ്വദേശിനിയായ സൗമ്യ എസ് നായര്‍ എന്ന യുവതി ബന്ധുക്കളില്‍ നിന്നടക്കം 15 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നുവെന്നും ഈ പണം എവിടെ പോയിയെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 2021 ഓഗസ്‌റ്റ് 3ന് ചൊവ്വാഴ്‌ചയാണ് കിടങ്ങൂര്‍ കട്ടച്ചിറ പമ്പ് ഹൗസിന് സമീപം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. സമീപത്തുതന്നെ സ്‌കൂട്ടറും ബാഗും ഉണ്ടായിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലായിരുന്നു. സൗമ്യക്ക് ജോലി. സാമ്പത്തിക ബാധ്യതയുണ്ടെന്നും മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നുമുളള ആത്മഹത്യാകുറിപ്പ് ബാഗില്‍ നിന്നും ലഭിച്ചിരുന്നു.
എന്നാല്‍ മരിക്കാന്‍ തക്കവണ്ണം സാമ്പത്തിക ബാധ്യയുളളതായി അറിയില്ലെന്നും മുന്‍ സഹപ്രവര്‍ത്തകരായ എബിന്റെയും മനുവിന്റെയും പങ്കില്‍ സംശയം ഉണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കടബാധ്യത തീര്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് സൗമ്യ ബന്ധുക്കളില്‍ നിന്നും പണം സമാഹരിച്ചത്. 4 ലക്ഷം രൂപ സ്ഥാപനത്തില്‍ നിന്ന് കടമെടുക്കുകയുും ചെയ്‌തിരുന്നു.
സൗമ്യയുടെ ഭര്‍ത്താവിന് ഈയിടെ ഭാഗ്യക്കുറി സമ്മാനമായി 50 ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. ഇതോടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത കൈവന്നിരുന്നു. എന്നിട്ടും ഇത്രത്തോളം കടബാധ്യത എങ്ങനെവന്നുവെന്നതാണ് ബന്ധുക്കളെ കുഴപ്പിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകകയാണ് കുടുംബം.

