കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍

കോഴിക്കോട്:  മുസ്ലീം ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മൊയിന്‍ അലി. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി തങ്ങളുടെ മകന്‍ മൊയീന്‍ അലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ മായീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് 05/08/2021 വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് വിമര്‍ശനം. 

പി കെ കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍. നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത്. ഷെമീറിനെ അന്ധമായി വിശ്വസിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കുകാരണമെന്ന് മൊയിന്‍ അലി കുറ്റപ്പെടുത്തി.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് കെ ടി ജലീലും ആരോപണമുന്നയിച്ചിരുന്നു. ചന്ദ്രിക അച്ചടിച്ച യുഎഇയിലെ കമ്പനിക്ക് കൊടുക്കേണ്ട ആറ് കോടി ചിലര്‍ പോക്കറ്റിലാക്കിയെന്നും ജലീല്‍ ഉന്നയിച്ചു. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപം ഉയര്‍ത്തികൊണ്ടായിരുന്നു കെടി ജലീലിന്റെ ആരോപണം. കൊടിയവഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങള്‍ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍ 05/08/2021 വ്യാഴാഴ്ച ആരോപിച്ചു.

അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് മുസ്ലീംലീഗ് വിശദീകരിച്ചു. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൌണ്ടില്‍ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കില്‍ അടച്ചത്. ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നല്‍കിയിട്ടുണ്ട്. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് വിശദീകരിച്ചു. ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസിൽ പത്രത്തിന്‍റെ ചെയർമാനും എംഡിയുമായ തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →