അബുദാബി : യാത്രാവിലക്ക് നിലവിലുളള ഇന്ത്യയുള്‍പ്പെടയുളള രാജ്യങ്ങളില്‍ നിന്നുളള താമസ വിസക്കാര്‍ക്ക് യുഎഇ യിലേക്ക് മടങ്ങാന്‍ അനുമതി. യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ച താവസവിസക്കാര്‍ക്കാണ് അനുമതി നല്‍കിയുരിക്കുന്നത്. എന്നാല്‍ യാത്രാവിലക്കുളള ആറുരാജ്യങ്ങളില്‍ നിന്ന് ഇളവുകളുടെ ഭാഗമായി യുഎഇ യിലേക്കുവരുന്നവര്‍ ചില നിബന്ധനകള്‍ കൂടി പാലിക്കണം. യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)അനുമതി നിര്‍ബ്ബന്ധമാണ് . ഇതിനായി ഐസിഐ വെബ്‌സൈറ്റ് വഴി അനുമതി നേടണം. യാത്ര പുറപ്പെുടുന്നതിന് 48 മണിക്കൂറിനുളളിലടുത്ത കോവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. പരിശോധനാ ഫലത്തില്‍ ക്യൂആര്‍ കോഡ് നിര്‍ബ്ബന്ധമായും ഉണ്ടാകണം. വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് റാപ്പിഡ് കോവിഡ് പരിശോധനക്ക് വിധേയരാകണം. യുഎഇയിലെത്തിയ ശേഷവും പരിശോധനക്ക് വിധേയരാകണം. യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃര്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം.
ഇന്ത്യക്കുപുറമേ പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും പുതിയ ഇളവ് ബാധകമാണ്. അതേസമയം യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ,യുഎഇയിലെ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ ,മാനുഷീക പരിഗണനകള്‍ നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുളളവര്‍ ഫെഡറല്‍ ലോക്കല്‍ ഗവണ്‍മെന്‍റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട എല്ലാവര്‍ക്കും ഓഗസ്‌റ്റ് 5 മുതല്‍ യുയെഇയിലേക്ക് മടങ്ങാനുളള അനുമതിയും നല്‍കിയിട്ടുണ്ട്. ഇവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രാജ്യത്തേക്ക് തിരികെയെത്താം. ദുബൈയില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കുന്നവര്‍ ,എക്‌സിബിറ്റര്‍മാര്‍ പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.