കണ്ണൂർ: കണ്ണൂർ ശ്രീസ്ഥയിലെ ഭർതൃബന്ധുവായ കരാറുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ജീവനക്കാരിയായ യുവതി ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താനും ഇവരോട് ആവശ്യപ്പെട്ടതായി പോലീസ്. പിടിയിലായ ക്വട്ടേഷൻ സംഘത്തെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. ഭർത്താവുമായി മാനസികമായി അകന്നതോടെയാണ് കണ്ണൂർ പടന്നപ്പാലത്തെ ഫ്ലാറ്റിൽ കഴിയുന്നതിനിടെ യുവതി സംഘത്തിന് ക്വട്ടേഷൻ നൽകിയത്. എന്നാൽ യുവതിയുടെ ഭർത്താവ് കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞതോടെ സംഘം ഇതിൽനിന്ന് പിന്മാറുകയായിരുന്നു.
കോറോം കാനായി സ്വദേശിനിയായ യുവതി ആദ്യം അതിയടത്തെ ഭർതൃഗൃഹത്തിൽ താമസിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സ്റ്റോപ്പിലെ നീതി മെഡിക്കൽ സ്റ്റോറിലാണ് ജോലിചെയ്തിരുന്നത്. ഇവിടെവെച്ചാണ് ക്വട്ടേഷൻ നൽകിയ മെഡിക്കൽ സ്റ്റോറിനടുത്ത് കട നടത്തിയിരുന്ന മേലതിയടത്തെ കെ.രതീഷിനെ പരിചയപ്പെട്ടത്. ക്വട്ടേഷൻ ഏറ്റെടുത്ത രതീഷ് നാട്ടിലെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഒരു കൊലപാതകക്കേസിൽ വിചാരണ കഴിഞ്ഞ് വിധി കാത്തിരിക്കുന്ന പ്രതിയായ നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷിനെ ദൗത്യം ഏല്പിച്ചു. 2013-ൽ നീലേശ്വരം പേരോലിൽ ജയൻ എന്നയാളെ തോട്ടിൽ മുക്കിക്കൊന്ന കേസിലെ പ്രതിയാണിയാൾ. ഈ കേസിൽ ഓഗസ്റ്റ് 14-ന് ജില്ലാ സെഷൻസ് കോടതി വിധിപറയാനിരിക്കെയാണ് കരാറുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായത്.
പ്രതികൾക്ക് ക്വട്ടേഷൻ നൽകിയ യുവതി ഒളിവിലാണ്. കോട്ടയത്ത് പഠിക്കുന്ന മകളുടെയടുത്ത് ഇവരെത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പരിയാരം പോലീസ് വിവരങ്ങൾ കോട്ടയം പോലീസിന് കൈമാറിയിട്ടുണ്ട്. പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ കേസന്വേഷണച്ചുമതലയുള്ള പരിയാരം പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബു, എസ്.ഐ. കെ.വി.സതീശൻ എന്നിവരടങ്ങിയ സംഘം സൈബർസെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടത്താൻ ശ്രമം ഊർജിതമാക്കി. അതേസമയം യുവതി പയ്യന്നൂരിലെ ഒരു അഭിഭാഷകന്റെ സഹായത്തോടെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും ഇവർ മറ്റൊരു സിംകാർഡ് ഉപയോഗിച്ച് ബന്ധുവായ പയ്യന്നൂരിലെ യുവാവിനെ വിളിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കരാറുകാരൻ പി.വി.സുരേഷ് ബാബുവിനെ വീട്ടിൽ കയറി വെട്ടിയ കേസിലെ പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി ബുധനാഴ്ച(04/08/21) പോലീസ് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലുള്ള ചെങ്ങൽതടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), കല്ലേൻ ഹൗസിൽ അഭിലാഷ് (29) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. സുരേഷ് ബാബുവിനെ വടിവാളുപയോഗിച്ചാണ് വെട്ടിയതെന്ന് ഇവർ പോലീസിന് മൊഴി നൽകി. ക്വട്ടേഷൻ പ്രകാരം ജിഷ്ണു 50,000 രൂപയും അഭിലാഷ് 40,000 രൂപയും കൈപ്പറ്റിയതായാണ് പോലീസിന് ലഭിച്ച വിവരം.