ദില്ലി: കഴിഞ്ഞ വർഷം ജെഎൻയുവിൽ ഉണ്ടായ സംഘർഷത്തിൽ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോകസഭയിൽ. അക്രമം ഉണ്ടാക്കിയവരെ തിരിച്ചറിയാൻ അന്വേഷണം നടത്തി, പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി രൂപീകരിച്ചിരുന്നു. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. .
2020 ജനുവരി 5നാണ് ജെഎൻയു ക്യാംപസിനുള്ളിൽ മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ച ആക്രമികൾ കടന്ന് കയറിയത്. നൂറോളം പേരടങ്ങിയ സംഘം 7 ഹോസ്റ്റലുകളിലും അക്രമം നടത്തി. സബർമതി ഹോസ്റ്റൽ അടിച്ചു തകർത്തു, സമാധാനപരമായി പ്രക്ഷോഭം നടത്തിയിരുന്ന അധ്യാപക സംഘടന നേതാക്കളെ ആക്രമിച്ചു. വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിന്‍റെ തല അടിച്ചു പൊട്ടിച്ചു. സര്‍വകലാശാലയിലെ സെന്‍റർ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. അന്ന് അക്രമികൾ കടന്നതിന് ശേഷം മാത്രമാണ് ദില്ലി പൊലീസ് എത്തിയത്. പിന്നീട് ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചയില്ലെന്ന്
ദില്ലി പൊലീസിന്റെ തന്നെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 36 പേർക്കാണ് പരിക്കേറ്റത്.