കോഴിക്കോട്: ബേപ്പൂർ ഹാർബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് ഹാർബറിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ചെറുവണ്ണൂരിലെ എം എൽ എ ഓഫീസിൽ ചേർന്ന യോഗത്തിൽ മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ പങ്കെടുത്തു. മത്സ്യതൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നത് ഉറപ്പുവരുത്തണം. പുനർഗേഹം പദ്ധതി മികച്ചരീതിയിൽ നടപ്പാക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിക്കും. ബേപ്പൂർ പരിധി, കടലുണ്ടി ഭാഗം ഉൾപ്പെടുന്ന പ്രദേശങ്ങളെ ചേർത്തുകൊണ്ട് രണ്ട് കമ്മിറ്റികളാണ് രൂപീകരിക്കുക. ഇതിന്റെ കൺവീനർമാർ ഉദ്യോഗസ്ഥരായിരിക്കും. ചില്ലറ മത്സ്യ വിൽപനക്കാർ ഹാർബറിൽ നേരിടുന്ന വിപണന പ്രശ്നങ്ങളും ഹാർബറുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളും കലക്ടറുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് ഡെപൂട്ടി ഡയറക്ടർ രഞ്ജിനി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരായ ജയദീപ്, രാജേഷ്, അസിസ്റ്റന്റ് എൻജിനിയർ അഫീന, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.